SHARE

അയര്‍ലന്‍ഡും പാകിസ്ഥാനും തമ്മില്‍ ഡബ്ലിനില്‍ നടക്കുന്ന ടെസ്റ്റ് മത്സരമാണ് ഇന്ന് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡ് അവരുടെ ആദ്യ ടെസ്റ്റില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 159 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്റെ ആറു വിക്കറ്റുകള്‍ പിഴുത ഐറിഷ് പട പിന്നീട് അല്‍പ്പം പുറകിലേക്ക് പോയി. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ 268-6 എന്ന നിലയിലായിരുന്നു. മത്സരത്തില്‍ പിറന്ന ചില ചരിത്ര നേട്ടങ്ങളെ നമുക്ക് പരിചയപ്പെടാം.

ടിം മുർത്താഗിനാണ് അയർലൻഡിൻ്റെ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ പന്തെറിയാനുള്ള ഭാഗ്യം ലഭിച്ചത്. അയര്‍ലന്‍ഡിന് വേണ്ടി 42 ഏകദിനങ്ങളും 14 ടി20 മത്സരങ്ങളും കളിച്ച മുർത്താഗ് ഏകദിനത്തില്‍ 49 വിക്കറ്റുകളും ടി20യില്‍ 13 വിക്കറ്റുകളും നേടിയിട്ടുണ്ട്. പാകിസ്ഥാനെതിരെ മത്സരത്തില്‍ ഇതുവരെ രണ്ടു വിക്കറ്റുകള്‍ ഈ വലംകയ്യൻ പേസർ നേടിയിട്ടുണ്ട്. അരങ്ങേറ്റക്കാരന്‍ ഇമാമുല്‍ ഹഖിനെയും ബാബര്‍ അസമിനെയുമാണ് മുര്‍ത്താഗ് പുറത്താക്കിയത്.

അയര്‍ലന്‍ഡിന് വേണ്ടി ആദ്യ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ താരമെന്ന നിലയില്‍ ബോയ്ഡ് റാങ്കിനെ 33കാരനാണ് അറിയപ്പെടുക. മത്സരത്തിന്റെ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു റാങ്കിന്‍ പാക് ഓപ്പണര്‍ അസ്ഹര്‍ അലിയെ പുറത്താക്കിയത്. എന്നാല്‍ റാങ്കിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു അത്. നേരത്തെ 2014ല്‍ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് കളിച്ച റാങ്കിന്‍ അന്ന് ഒരു വിക്കറ്റ് നേടിയിരുന്നു. അതേസമയം, രണ്ടു രാജ്യങ്ങള്‍ക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്ന 15ാമത്തെ താരം കൂടിയായി റാങ്കിന്‍ ഇന്നലെ മാറി. പാക് താരം ആസാദ് ഷഫീഖിനെയും റാങ്കിന്‍ മത്സരത്തിൽ പുറത്താക്കി.

റാങ്കിന്റെ ആദ്യ വിക്കറ്റിലൂടെ മറ്റൊരു നേട്ടം തേടിയെത്തിയത് വില്യം പോര്‍ട്ടര്‍ഫീല്‍ഡെന്ന ഐറിഷ് ടീമിന്റെ നായകനെയാണ്. വിക്കറ്റ് കീപ്പര്‍ കൂടിയായ പോര്‍ട്ടര്‍ഫീല്‍ഡ് അയര്‍ലന്‍ഡിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഇന്നലെ അയര്‍ലന്‍ഡ് നിരയില്‍ 10 താരങ്ങളാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിന്റെ ആദ്യദിവസം മഴ കാരണം നഷ്ടപ്പെട്ടിരുന്നു.