SHARE

പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ബിഗ്ബാഷ് ടി20 ക്രിക്കറ്റ് ലീഗ് സെമിഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ തകര്‍ത്ത് ഹൊബാര്‍ട്ട് ഹരികെയ്ന്‍സ് ഫൈനലില്‍. ബാറ്റെടുത്തവരും പന്തെറിഞ്ഞവരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ 71 റണ്‍സിനാണ് ഹൊബാര്‍ട്ട്, പെര്‍ത്തിനെ തകര്‍ത്തത്. സ്‌കോര്‍: ഹൊബാര്‍ട്ട് 210-4 (20), പെര്‍ത്ത് 139-10(17.5)

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൊബാര്‍ട്ട് വേണ്ടി മാത്യൂ വെയ്ഡ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. എന്നാല്‍ സഹ ഓപ്പണര്‍ ടിം പെയിന്‍ 4 റണ്‍സ് മാത്രമെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്ലിയും വളരെ പതുക്കെയാണ് കളിച്ചത്. 17 റണ്‍സെടുത്ത ബെയ്ലിയും പുറത്തായതോടെ ഹൊബാര്‍ട്ട് അല്‍പ്പം പ്രതിരോധത്തിലായി. 71 റണ്‍സെടുത്ത് വെയ്ഡ് പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 13.2 ഓവറില്‍ 120ലെത്തിയിരുന്നു.

പിന്നീട് ക്രീസിലെത്തിയ ബെന്‍ മക്ഡെര്‍മോട്ടും ഡാനിയല്‍ ക്രിസ്റ്റ്യനും നടത്തിയ വെടിക്കെട്ടാണ് ഹൊബാര്‍ട്ടിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. മക്‌ഡെര്‍മോട്ട് 67 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ക്രിസ്റ്റ്യന്‍ 37 റണ്‍സെടുത്ത് റണ്ണൌട്ടായി. ഹൊബാര്‍ട്ടിന് വേണ്ടി പന്തെറിഞ്ഞ മിച്ചല്‍ മാര്‍ഷ് 4 ഓവറില്‍ 53 റണ്‍സാണ് വഴങ്ങിയത്. ടിം ബ്രെസ്ന്‍ രണ്ടും മാത്യൂ കെല്ലി ഒന്നും വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്തിന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ്. ഓപ്പണര്‍ മൈക്കല്‍ ക്ലിംഗര്‍ 11 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതോടെ പെര്‍ത്തിന്റെ തകര്‍ച്ച ആരംഭിച്ചു. 18 പന്തില്‍ 30 റണ്‍സടിച്ച് ഷോണ്‍ മാര്‍ഷ് പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. 68-7 എന്ന നിലയില്‍ വന്‍ തകര്‍ച്ച നേരിട്ട പെര്‍ത്തിനെ ടിം ബ്രെസ്‌നനും ജൈ റിച്ചാര്‍ഡ്‌സണും ചേര്‍ന്നാണ് നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടത്. ടിം ബ്രെസ്നൻ 23 പന്തിൽ 46 റൺസ് അടിച്ചെടുത്തു.  ഹൊബാര്‍ട്ടിന് വേണ്ടി ഡാനിയേൽ ക്രിസ്റ്റ്യൻ നാലും തോമസ് റോജേർസ് മൂന്നും വിക്കറ്റുകൾ നേടി.