SHARE

ഐപിഎല്ലിന്റെ പാതിവഴിയിൽ അജിങ്ക്യ രഹാനെയെ മാറ്റി പകരം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കിയ രാജസ്ഥാൻ റോയൽസിന്റെ നീക്കം ശരിയായില്ലെന്ന് മുൻ ഓസീസ് താരംബ്രാഡ് ഹോഡ്ജ്. സ്മിത്ത് ടീമിനെ നയിച്ച ആദ്യ മത്സരത്തിൽ വിജയം നേടിയെങ്കിൽപ്പോലും ക്യാപ്റ്റൻ സ്ഥാനം രഹാനെയിൽ നിന്ന് മാറ്റാനുള്ള തീരുമാനം അത്ര നല്ലതല്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീസണിന്റെ‌പാതിവഴിയിൽ രഹാനെയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോടുള്ള ടീം മാനേജ്മെന്റിന്റെ ബഹുമാനക്കുറവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഹോഡ്ജ് കുറ്റപ്പെടുത്തുന്നു. അതേ സമയം ഈ സീസൺ ഐപിഎല്ലിലെ ആദ്യ എട്ട് മത്സരങ്ങളിൽ ടീമിനെ നയിച്ച രഹാനെയ്ക്ക് ഇതിൽ രണ്ടെണ്ണത്തിൽ മാത്രമേ ടീമിന് വിജയം സമ്മാനിക്കാനായുള്ളൂ. ബാക്കി ആറെണ്ണത്തിലും ടീംപരാജയപ്പെട്ടതോടെ ക്യാപ്റ്റനെ മാറ്റാൻ രാജസ്ഥാൻ തീരുമാനിക്കുകയായിരുന്നു. സ്മിത്ത് ക്യാപ്റ്റനായി വന്നതോടെ രാജസ്ഥാൻ പുത്തനുണർവ്വോടെ കളിക്കാനും തുടങ്ങി. ഈ സമയത്താണ് സംഭവത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് ഹോഡ്ജ് രംഗത്തെത്തിയിരിക്കുന്നത്.