SHARE

കോവിഡ് 19 ന്റെ വ്യാപനത്തെത്തുടർന്ന് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാൽ ടൂർണമെന്റിന്റെ കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നതിനാൽ ഐപിഎല്ലിന്റെ ചെറു പതിപ്പെങ്കിലും ഇത്തവണ നടന്നേക്കുമെന്നുള്ള പ്രതീക്ഷ ക്രിക്കറ്റ് പ്രേമികൾക്കുണ്ട്. അതേ സമയം ഐപിഎൽ നടക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണെങ്കിലും ടൂർണമെന്റുമായി ബന്ധപ്പെട്ട് ചർച്ചകളും മറ്റും സമൂഹ‌മാധ്യമങ്ങളിൽ സജീവമായി നടക്കുന്നുണ്ട്.

അതിനിടയിൽ ഇപ്പോളിതാ ഇന്ത്യൻ പ്രീമിയർ ലീഗിൽ പവർ പ്ലേയിൽ ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന 3 താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച 3 പവർപ്ലേ ബാറ്റ്സ്മാന്മാർ ആരൊക്കെയെന്ന് ഹോഗ് വ്യക്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും മികച്ച പവർപ്ലേ ബാറ്റ്സ്മാനായി ഹോഗ് ചൂണ്ടിക്കാട്ടുന്നത് സൺ റൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറെയാണ്. ഓഫ് സൈഡിൽ വാർണർ അതിശക്തനാണെന്നും, അദ്ദേഹത്തിന്റെ വിക്കറ്റിനിടയിലൂടെയുള്ള ഓട്ടം മികച്ചതാണെന്നും ഹോഗ് പറയുന്നു.

ഐപിഎല്ലിലെ മികച്ച രണ്ടാമത്തെ പവർപ്ലേ ബാറ്റ്സ്മാനായി ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്നയെ ആണ് ഹോഗ് ചൂണ്ടിക്കാട്ടുന്നത്. ചെന്നൈയ്ക്ക് വേണ്ടി റെയ്ന കളിക്കുന്ന രീതി താൻ ഏറെ ഇഷ്ടപ്പെടുന്നെന്നും, ചില പ്രത്യേക ബോളർമാരെ തിരഞ്ഞെടുത്ത് ആക്രമിക്കുന്ന റെയ്ന, സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാൻ മിടുക്കനാണെന്നും ഹോഗ് കൂട്ടിച്ചേർത്തു.

ഐപിഎല്ലിലെ ഏറ്റവും മികച്ച മൂന്നാമത്തെ പവർപ്ലേ ബാറ്റ്സ്മാനായി രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലറെയാണ് ഹോഗ് തിരഞ്ഞെടുക്കുന്നത്. ബട്ലറിന്റെ ടൈമിംഗിനെ ഏറെ പുകഴ്ത്തുന്ന ഹോഗ്, രാജസ്ഥാൻ താരത്തിന്റെ ബാറ്റിംഗ് ശരാശരിയും, സ്ട്രൈക്ക് റേറ്റും അദ്ദേഹം എന്ത് കൊണ്ട് ഈ ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് മനസിലാക്കിത്തരുമെന്നും പറയുന്നു.