SHARE

പരുക്കിൽ നിന്ന് മോചിതനായി ശ്രീലങ്കയ്‌ക്കെതിരെ നടന്ന നിദാഹാസ് ട്രോഫിയിലെ നിര്‍ണ്ണായക മത്സരം കളിക്കാനെത്തിയതാണ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. മത്സരം വിജയിച്ചുവെങ്കിലും ആവേശം അതിരു കടന്നതിന് താരത്തിന് ഇപ്പോള്‍ പണി കിട്ടിയിരിക്കുകയാണ്. ഐ സി സി കോഡ് ഓഫ് കണ്ടക്ട് ലംഘനം നടത്തിയതിന് ഷാക്കിബ് അല്‍ ഹസനും റിസ്സര്‍വ്വ് താരം നൂറുല്‍ ഹസനും മത്സരത്തിലെ ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡി മെറിറ്റ് പോയന്റുമാണ് ശിക്ഷയായി ലഭിച്ചത്.

ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിന്റെ അവസാന ഓവറിലാണ് സംഭവം നടന്നത്. അംപയര്‍മാര്‍ നോ ബോള്‍ അനുവദിക്കാത്തതിന് ഷാക്കിബ് ബൗണ്ടറി ലൈനിനരികില്‍ നിന്ന് ഫീല്‍ഡിലുണ്ടായിരുന്ന ബാറ്റ്‌സ്മാന്‍മാരോട് കളി മതിയാക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. നുറൂല്‍ ഹസനാകട്ടെ, ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇരു താരങ്ങളും തെറ്റ് സമ്മതിച്ചതിനാല്‍ ഹിയറിംഗിന്റെ ആവശ്യം വേണ്ടിവന്നില്ല. പിന്നീട് ഡ്രസിംഗ് റൂമിൽ വെച്ച് താരങ്ങൾ തമ്മിലുണ്ടായ കയ്യേറ്റം കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. ഡ്രസിംഗ് റൂമിൻ്റെ ചില്ലുകൂട് തകർക്കുന്ന വരെയെത്തി കാര്യങ്ങൾ. ഇതിനെ കുറിച്ച് ഐ സി  സി കൂടുതൽ അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച്ച നടക്കുന്ന നിദാഹാസ് ട്രോഫി ടി20 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നും വിജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ മത്സരം മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ബംഗ്ലാദേശാകട്ടെ, ഇന്ത്യയുമായി രണ്ടു മത്സരങ്ങളും പരാജയപ്പെട്ടപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരങ്ങള്‍ വിജയിച്ചു. ലങ്കയ്‌ക്കെതിരെ ആദ്യ മത്സരം 214 റണ്‍സ് പിന്തുടര്‍ന്ന് തകര്‍പ്പന്‍ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.