SHARE

ലോകക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും, ഉപനായകൻ രോഹിത് ശർമ്മയും. എന്നാൽ ഇവരിൽ ആരാണ് കൂടുതൽമികച്ചത് എന്ന ചോദ്യത്തിന് ഉത്തരം പറയുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ക്രിക്കറ്റ് ലോകത്ത്‌ നിന്ന് ഇക്കാര്യത്തിൽ വ്യത്യസ്താഭിപ്രായമാണുള്ളത്. എന്നാൽ ഇപ്പോളിതാ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സീനിയർ താരം ഹർഭജൻ സിംഗ്.

കോഹ്ലിയാണോ, രോഹിതാണോ കൂടുതൽ മികച്ച താരമെന്ന ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ലെന്നാണ് ഭാജിയുടെ പക്ഷം. ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് കാണികൾക്ക്‌ശരിക്കുമൊരു വിരുന്നാണെന്നും, തന്നെ സംബന്ധിച്ചിടത്തോളം അവർ രണ്ട് പേർക്കും ഒരേ മികവാണെന്നും അദ്ദേഹം പറയുന്നു.

“രോഹിത് ശർമ്മ മറ്റൊരു തലത്തിൽ കളിക്കുന്ന താരമാണ്. കോഹ്ലിയും, ശർമ്മയും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ ആരാണ് കൂടുതൽ മികവോടെ കളിക്കുന്നതെന്ന് കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. വിരാട് കോഹ്ലി എല്ലാദിവസവും മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന താരമാണ്. അദ്ദേഹത്തെ എങ്ങനെ പുറത്താക്കണമെന്നതിനെ പറ്റി ബോളർമാർക്ക് ഇപ്പോളും വലിയ ധാരണയില്ല. വിരാടും രോഹിതും ഒരേ പോലെ കരിയർ മുന്നോട്ട് കൊണ്ട് പോകുന്ന താരങ്ങളാണ്. അത് കൊണ്ടു തന്നെ ഇതിൽ ഒരാളെ നമ്പർ വൺ ആയി തിരഞ്ഞെടുക്കുന്നത് മോശമാണ്, ഇവർ രണ്ട് പേരും ഒന്നാം നമ്പർ താരങ്ങൾ തന്നെ” ഭാജി പറഞ്ഞു.