SHARE

പാകിസ്ഥാനെതിരായ നാലാം ഏകദിന മത്സരത്തിൽ 3 വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് കുറിച്ചത്. 341 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ ടീമിനെ ജയത്തിലേക്ക് നയിച്ചത് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയുടെ എട്ടാം ഏകദിന സെഞ്ചുറിയും. 89 പന്തിൽ നിന്ന് 114 റൺസെടുത്ത് തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഈ മത്സരത്തിന്‌ തലേ ദിവസത്തെ രാത്രി റോയ്ക്ക് പക്ഷേ ഉറക്കമില്ലാ രാത്രിയായിരുന്നു. മത്സരശേഷം ജേസൺ റോയ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റോയെ സംബന്ധിച്ചിടത്തോളം വളരെ ദുഖകരമായ രാത്രി യായിരുന്നു നാലാം ഏകദിനത്തിന് തലേന്ന്. ഈ വർഷം മാർച്ചിൽ ജനിച്ച റോയുടെ മകൾ എവർളിക്ക് അസുഖം ബാധിക്കുകയും പുലർച്ചെ ഒന്നരയോടെ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടിയും വന്നു. ഭാര്യ എലിക്കൊപ്പം കുട്ടിയെ ആശുപത്രിയിലെത്തിച്ച റോയ് രാവിലെ 8.30 വരെ ആശുപത്രിയിൽ നിന്നു. ഏഴ് മണിക്കൂറോളം ആശുപത്രിയിൽ നിന്നതിന് ശേഷം രാവിലെ 8.30 ഓടെ തിരിച്ചെത്തിയ റോയ് തുടർന്ന് രണ്ട് മണിക്കൂറോളംമാത്രമാണ് ഉറങ്ങിയത്.

വേഗം ഉറങ്ങിയെണീറ്റ റോയ്, മത്സരത്തിന് മുൻപ് നടത്തുന്ന അവസാന വട്ട പരിശീലനത്തിലാണ് പിന്നീട് ടീമിനൊപ്പം ചേർന്നത്. ഉറക്കമില്ലാത്ത രാത്രിക്ക് ശേഷം കളിച്ച മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ റോയാകട്ടെ ടീമിനെ മികച്ച ജയത്തിലേക്ക് നയിക്കുകയും ചെയ്തു.