SHARE

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പന്തു ചുരണ്ടല്‍ വിവാദം. സംഭവവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയും ചെയ്തു. വിലക്ക് കുറക്കുന്നതിന് വേണ്ടി താരങ്ങള്‍ അപ്പീല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.

ട്വിറ്ററിലൂടെയാണ് സ്മിത്ത് വിലക്ക് നീക്കുന്നതിന് വേണ്ടി ശ്രമങ്ങള്‍ നടത്തുന്നില്ലെന്ന് വ്യക്തമാക്കിയത്. താന്‍ നേരത്തെ തന്നെ തെറ്റ് സമ്മതിച്ചതാണെന്നും അതു കൊണ്ട് തന്നെ ഇനി അപ്പീലിന്റെ ആവശ്യമില്ലെന്നുമാണ് സ്മിത്ത് പറയുന്നത്. ‘ വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം, ക്യാപ്റ്റനെന്ന നിലയില്‍ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്, അത് കൊണ്ട് തന്നെ വിലക്കിനെതിരെ അപ്പീല്‍ ചെയ്യുന്നില്ല, ക്രിക്കറ്റ് ഓസ്‌ട്രേലിയ കൃത്യമായ ഇടപെടല്‍ നടത്തി ശക്തമായ ഒരു സന്ദേശമാണ് നല്‍കിയത്, ഞാന്‍ അത് സ്വീകരിക്കുന്നു’ – സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ദയനീയമായാണ് പരാജയപ്പെട്ടത്. ആദ്യ ടെസ്റ്റില്‍ വിജയിച്ചപ്പോള്‍ അതിന് ശേഷം, നടന്ന മൂന്നു ടെസ്റ്റ് മത്സരങ്ങളിലും അവര്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി സമ്മതിച്ചു.