SHARE

അഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബറോഡ ഓൾ റൗണ്ടർ ദീപക് ഹൂഡ. മാർച്ച് ആറിന് ശ്രീലങ്കയിൽ ആരംഭിക്കാനിരിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിട്ടുള്ള ഹൂഡ അഭ്യന്തര ക്രിക്കറ്റിൽ സമീപ കാലത്തായി മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ വർഷം ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാനുള്ള അവസരം താരത്തിന്‌പക്ഷെ ലഭിച്ചിരുന്നില്ല.

കഠിനമായ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതാണ് ഇന്ത്യൻ ടീമിലെത്താൻ ഹൂഡയ്ക്ക് ഗുണകരമായത്. “തന്നെ സംബന്ധിച്ച് വളരെ നിർണായകമായ പരമ്പരയാണ് ഇത്. ഇത്തവണ പ്ലേയിംഗ് ഇലവനിൽ ഇടം കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ നന്നായി ഒരുങ്ങിത്തന്നെയാണ് ഇരിക്കുന്നത്. കളിക്കാൻ അവസരം ലഭിച്ചാൽ 110% അധ്വാനവും താൻ പുറത്തെടുക്കും”. ഹൂഡ പറഞ്ഞു.

നിലവിലെ ഫോം അനുസരിച്ച് നിദാഹാസ് ട്രോഫിയിലൂടെ ദീപക് ഹൂഡ ഇന്ത്യൻ നിരയിൽ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത. ബറോഡയ്ക്ക് വേണ്ടി 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 2208 റൺസാണ് താരം നേടിയിട്ടുള്ളത്. മാർച്ച് ആറിന് ശ്രീലങ്കയിൽ ആരംഭിക്കുന്ന നിദാഹാസ് ട്രോഫിയിൽ ഇന്ത്യക്കും ലങ്കയ്ക്കും പുറമേ ബംഗ്ലാദേശും മത്സരിക്കും.