SHARE
സ്പാര്‍ടാക്ക് മോസ്‌കോ ആരാധകര്‍

ലോകകപ്പ് മത്സരങ്ങളില്‍ എപ്പോഴും ഭീഷണിയാണ് തെമ്മാടികളായ ആരാധകക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടം( ഹൂളിഗനിസം). ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ആരാധകരുള്ള റഷ്യ ലോകകപ്പ് ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായതോടെ തന്നെ പല രാജ്യങ്ങളും ആശങ്ക പ്രകടപ്പിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ ആശങ്കകള്‍ കുറച്ചൊക്കെ യാഥാര്‍ഥ്യമാകുകയാണ്.

കഴിഞ്ഞ ദിവസം സ്‌പെയിനിലെ ബില്‍ബാവോയില്‍ നടന്ന യുറോപ്പ ലീഗ് മത്സരത്തിനിടെയുണ്ടായ അക്രമങ്ങളാണ് ഇപ്പോള്‍ ആശങ്കയ്ക്കിടയാക്കിയത്. റഷ്യന്‍ ക്ലബ് സ്പാര്‍ടാക് മോസ്‌കോയും സ്പാനിഷ് ക്ലബ് അതെലെറ്റിക്കോ ബില്‍ബവോയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ആരാധകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ സംഘര്‍ഷം തടയാനെത്തിയ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നേരത്തെ ഫ്രാന്‍സില്‍ നടന്ന യൂറോകപ്പിലും റഷ്യന്‍ ആരാധകരടക്കമുള്ളവരുടെ അഴിഞ്ഞാട്ടം വലിയ ചര്‍ച്ചയായിരുന്നു.

ഇക്കുറി മത്സരത്തില്‍ സാപര്‍ട്ടക് മോസ്‌കോ പരാജയപ്പെട്ടു. ഇതോടെ അവര്‍ യൂറോപ്പ ലീഗില്‍ നിന്ന് പുറത്തായി. എന്നാല്‍ മറ്റൊരു റഷ്യന്‍ ക്ലബായ ലോക്കോമോട്ടീവ് മോസ്‌കോ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ഇവരുടെ മത്സരം സ്പാനിഷ് ക്ലബ് അത്‌ലെറ്റിക്കോ മഡ്രിഡുമായാണ്. അതിനാല്‍ തന്നെ റഷ്യന്‍ ആരാധകര്‍ വീണ്ടും സ്‌പെയിനിലെത്തുന്നതില്‍ ആശങ്കയ്ക്ക് കാരണമാകുന്നു.

അതേസമയം ലോകകപ്പില്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാകില്ലെന്ന് ഫിഫ ഉറപ്പിച്ചു പറയുന്നുണ്ട്. റഷ്യയിലെ പ്രാദേശിക അധികൃതരോട്, ഹൂളിഗനിസം തടയണമെന്നുള്ള കര്‍ശന നിര്‍ദേശം നല്‍കിയതായും റഷ്യന്‍ അധികൃതര്‍ ഏര്‍പ്പാടാക്കിയ സുരക്ഷാ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഫിഫ വക്താവ് പറഞ്ഞു.