SHARE

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച ​ഗാരി ഹൂപ്പർ ഏ-ലീ​ഗ് ക്ലബ് വെല്ലിങ്ടൻ ഫീനിസ്കിലേക്ക് മടങ്ങി. വിദേശതാരങ്ങളെയെല്ലാം റിലീസ് ചെയ്തെന്ന് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൂപ്പർ പഴയ തട്ടകത്തിലേക്ക് മടങ്ങിയത്. ഫീനിക്സ് ഇക്കാര്യം പ്രഖ്യാപിച്ചു.

ഇം​ഗ്ലീഷ് സ്ട്രൈക്കരായ ഹൂപ്പർ 2019 മുതൽ ഒരു വർഷം ഫീനിക്സിൽ കളിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയത്. സീസൺ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഹൂപ്പർ എന്നാൽ സീസണിന്റെ രണ്ടാം പകുതിയിൽ മികവ് വീണ്ടെടുത്തിരുന്നു. ബ്ലാസ്റ്റേഴ്സിനായി അഞ്ച് ​ഗോളുകൾ നേടിയ ഹൂപ്പർ നാല് ​ഗോളിന് വഴിയുമൊരുക്കി. എ.ടി.കെ മോഹൻ ബ​ഗാനെതിരെ ഹൂപ്പർ നേടിയ തകർപ്പൻ ലോങ് റേഞ്ചർ ​ഗോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞ ഒന്നാണ്.

രണ്ട് വർഷത്തെ കരാറിലാണ് ഹൂപ്പർ ഫീനിക്സിൽ മടങ്ങിയെത്തുന്നത്. മുമ്പ് ഫീനിക്സിനായി കളിച്ചപ്പോൾ 21 മത്സരങ്ങളിൽ നിന്ന് എട്ട് ​ഗോളുകൾ ഹൂപ്പർ നേടിയിരുന്നു. സൂപ്പർക്ലബ് ടോട്ടനത്തിന്റെ അക്കാദമി താരമാണ് ഹൂപ്പർ. കെൽറ്റിക്ക്, നോർവിച്ച് സിറ്റി തുടങ്ങിയ പ്രധാന ക്ലബുകൾക്കായും ഹൂപ്പർ കളിച്ചിട്ടുണ്ട്.