SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ തീർച്ചയായും കളിക്കേണ്ടിയിരുന്ന താരമായിരുന്നു ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദെന്നും, അദ്ദേഹത്തെ ഐപിഎല്ലിൽ കാണാത്തത് തന്നെ അദ്ഭുതപ്പെടുത്തുന്നതായും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിനിടെ റഷീദ് മികച്ച ബോളിംഗ് പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് ഐപിഎല്ലിൽ അവസരമില്ലാതെ പോയതിൽ അത്ഭുതം പ്രകടിപ്പിച്ച് വോൺ രംഗത്തെത്തിയത്.

ഐപിഎല്ലിലെ ഏറ്റവും വില കൂടിയ താരങ്ങളിൽ ഒരാളാകേണ്ടയാളാണ് ആദിൽ റഷീദെന്ന് പറഞ്ഞ വോൺ, അങ്ങനെ സംഭവിക്കാത്തത് തനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നും ഇതിനൊപ്പം ചൂണ്ടിക്കാട്ടി. അതേ സമയം നിശ്ചിത ഓവർ മത്സരങ്ങളിൽ കുറച്ചു നാളായി ഇംഗ്ലണ്ടിന്റെ വിശ്വസ്ത സ്പിന്നറാണ് ആദിൽ റഷീദ്. ഇക്കഴിഞ്ഞ ഐപിഎൽ ലേലത്തിൽ റഷീദ് ഉണ്ടായിരുന്നുവെങ്കിലും 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള അദ്ദേഹം, ആവശ്യക്കാരില്ലാത്തതിനാൽ അൺസോൾഡ് ആവുകയായിരുന്നു.