SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും ശ്രദ്ധേയ സൈനിങ്ങാണ് ഹർമൻജ്യോത് ഖബ്രയുടേത്. സീനിയർ താരമായ ഖബ്രയുടെ വരവ് പലരും അൽപ്പം സംശയത്തോടെയാണ് ഉറ്റുനോക്കിയത്. എന്നാൽ മുമ്പ് രണ്ട് തവണ ഐഎസ്എൽ കിരീടമുയർത്തിയ ചരിത്രമുള്ള ഖബ്രയെ ഒപ്പം കൂട്ടിയതിന് പിന്നിൽ ബ്ലാസ്റ്റേഴ്സ് നേതൃത്വത്തിന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു.

സീസണിലെ ആദ്യ മത്സരങ്ങളിൽ ഖബ്രയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാൽ ഒരിക്കൽ താളം കണ്ടെത്തിയശേഷം പിന്നെ ഖബ്രയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തുടർച്ചയായി തോൽവി അറിയാതെ പത്ത് മത്സരങ്ങൾ പിന്നിട്ട ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് പിന്നിൽ ഖബ്രയുടെ കാലുകളുടെ പങ്ക് വളരെ വലുതാണ്.

ഖബ്രയുടെ വരവ് ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഇപ്പോൾ അതേക്കുറിച്ച് വിശദീകരിക്കുകയാണ് ചെന്നൈയിൻ എഫ്സി മുൻ പരിശീലകൻ ജോൺ ​ഗ്രി​ഗറി. ഖബ്രയുടെ വരന് ബ്ലാസ്റ്റേഴ്സിനെ വളരെ അധികം സഹായിച്ചിട്ടുണ്ട്, ഖബ്ര എല്ലായിടത്തും വിജയം നേടിയ ഒരാളാണ്, പലപ്പോഴും ഖബ്രയിലൊരു യൂറോപ്യൻ ഫുട്ബോളറുടെ മനോഭാവം കാണാനാകും, ഖബ്ര തോൽവികളെ ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട് തന്നെ തനിക്കൊപ്പമുള്ള മറ്റുതാരങ്ങളുടെ ഉള്ളിലും അത്തരമൊരു അഭിനിവേശം നിറയ്ക്കാനും അദ്ദേഹം ശ്രദ്ധിക്കും, ​ഗ്രി​ഗറി പറഞ്ഞു.

ഖബ്ര ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങൾക്കൊരു മാതൃകയാണെന്നും ​ഗ്രി​ഗറി പറഞ്ഞു. ​കളിക്കളത്തിൽ മുന്നോട്ടുകുതിക്കുന്നതിലും പിൻവാങ്ങുന്നതിലും ഖബ്ര മികവ് പുലർത്തുന്നുണ്ട്, അതുപോലെ തന്നെ ​ഗ്രൗണ്ട് പൂർണമായി കവർ ചെയ്യാനുള്ള മികവും ശാരീരികക്ഷമതയും ഖബ്രയ്ക്കുണ്ട്, ഖബ്രയുടെ ഈ ഒരു മികവ് യുവതാരങ്ങൾക്ക് മുന്നിലൊരു ഉദാഹരണമാണ്, ഖബ്രയുടെ ഏറ്റവു വലിയ ശക്തി, തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യുന്ന രീതിയാണ്, ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾക്ക് എന്തുകൊണ്ടും ഖബ്രയൊരു റോൾ മോഡലാണ്, ​ഗ്രി​ഗറി വ്യക്തമാക്കി.