SHARE

സമയനിഷ്ഠയുടെ കാര്യത്തിൽ കർക്കശക്കാരനാണ് മഹേന്ദ്ര സിംഗ് ധോണി. സ്വന്തം കാര്യത്തിൽ മാത്രമല്ല, സഹതാരങ്ങളുടെ കാര്യത്തിലും അതങ്ങനെ തന്നെ. ധോണി മുൻപ് ഇന്ത്യൻ നായകനായിരുന്ന സമയം താരങ്ങൾ പരിശീലനത്തിന് എത്താൻ വൈകിയാൽ നൽകിയിരുന്ന ശിക്ഷ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ മെന്റൽകണ്ടീഷനിംഗ് പരിശീലകനായ പാഡി അപ്ടൺ. അടുത്തിടെ പ്രസിദ്ധീകരിച്ച തന്റെ പുതിയ ബുക്കിലാണ് അപ്ടൺ ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.

അപ്ടൺ ഇന്ത്യൻ ടീമിന്റെ മെന്റൽകണ്ടീഷനിംഗ് പരിശീലകനായി ചുമതലയേറ്റ സമയം അനിൽ കുംബ്ലെ യായിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ. ഏകദിന ടീമിന്റെ നായകൻ എം എസ് ധോണിയും. താരങ്ങൾ പരിശീലനത്തിന് എത്താൻ ചില സമയങ്ങളിൽ വൈകുന്നത് മനസിലാക്കിയ ഇന്ത്യൻ ടീം മാനേജ്മെന്റ്, ഇത് തടയാനുള്ള‌വഴി ആലോചിച്ചു. അവസാനം ഇരു ടീമുകളുടേയും ക്യാപ്റ്റന്മാർ ക്ക് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അനുവാദം നൽകി.

“ടെസ്റ്റ് ടീം നായകനായിരുന്ന അനിൽ കുംബ്ലെ, പരിശീലനത്തിനെത്താൻ വൈകുന്ന താരങ്ങൾക്ക് 10000 രൂപ വീതം പിഴ ഈടാക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽഏകദിന ടീമിലുള്ള താരങ്ങൾക്ക് വേറൊരു രീതിയിലുള്ള ശിക്ഷയാണ് ധോണി തീരുമാനിച്ചത്. ടീമിലെ ഏതെങ്കിലും ഒരു താരം പരിശീലനത്തിന് വൈകിയെത്തിയാൽ ടീമിലെ എല്ലാവരും 10000 രൂപ പിഴ നൽകണമെന്നതായിരുന്നു ഇത്. അതിന് ശേഷം ഏകദിന ടീമിലെ ഒരാൾപോലും പരിശീലനത്തിനെത്താൻ വൈകിയിട്ടില്ല.” അപ്ടൺ പറഞ്ഞു.