SHARE

വിക്കറ്റിന് പിന്നിൽ നിന്ന് ധോണി ഇന്ത്യൻ താരങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ പല മത്സരങ്ങളിലും ടീമിന് നിർണായകമാകാറുണ്ട്. പ്രധാനമായും ടീമിലെ സ്പിന്നർമാർക്കാണ് ധോണിയുടെ നിർദ്ദേശം നേട്ടമാകാറുള്ളത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ധോണി വിക്കറ്റിന് പിന്നിൽ നിന്ന് നൽകിയ നിർണായക ഉപദേശങ്ങൾ ഇന്ത്യയ്ക്ക് നേട്ടം കൊണ്ട് വന്നിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓസീസ് ടീമിലെ ഏറ്റവും അപകടകാരിയായ മാക്സ്‌വെല്ലിനെ വീഴ്ത്തിയ അദ്ദേഹത്തിന്റെ തന്ത്രമാണ്.

ഓസീസ് ഇന്നിംഗ്സിന്റെ ഇരുപത്തിയൊൻപതാം ഓവറിൽ കുൽദീപ് യാദവ് പന്തെറിയാനെത്തിയപ്പോളായിരുന്നു സംഭവം. മധ്യ ഓവറുകളിൽ പതറിയ ഓസീസിന്റെ റൺ റേറ്റ് വളരെയധികം ഇടിഞ്ഞിരുന്ന സമയമായിരുന്നു അത്. ക്രീസിലുണ്ടായിരുന്ന ഗ്ലെൻ മാക്സ്‌വെല്ലിനും‌ താളം ലഭിച്ചിരുന്നില്ല. ഇതോടെ എതിരാളികൾ സമ്മർദ്ദത്തിലായെന്നും അവർ വലിയ ഷോട്ടുകൾക്ക്‌ ശ്രമിക്കുമെന്നും ധോണി കണക്ക് കൂട്ടി.

ഒരേ ലൈനിൽ (മധ്യഭാഗത്ത്) പന്തെറിയാൻ ധോണി‌, കുൽദീപിനോട് ആവശ്യപ്പെട്ടു. കുൽദീപാകട്ടെ ധോണി പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു. തുടർച്ചയായി മധ്യഭാഗത്ത് തന്നെ അദ്ദേഹം പന്തെറിഞ്ഞു. കനത്ത സമ്മർദ്ദത്തിലായിരുന്ന മാക്സ്‌വെൽ ഓവറിലെ മൂന്നാം പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ചു. എന്നാൽ പന്ത് കണക്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മധ്യഭാഗത്ത് പതിച്ച പന്ത് മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു. അപകടകാരിയായ മാക്സ്‌വെൽ പുറത്ത്. ധോണിയുടെ നിർദ്ദേശം അനുസരിച്ച് പന്തെറിഞ്ഞ കുൽദീപിലൂടെ ഇന്ത്യയ്ക്ക് നിർണായക വിക്കറ്റും.