SHARE

ചൈനയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. 29 അംഗ ടീമാണ് പതിമൂന്നിലെ മത്സരത്തിനായി കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശക്തരായ ചൈനയ്‌ക്കെതിരേ മികച്ച പ്രകടനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെംഗുല പറയുന്നു. ചൈന ശക്തമായ എതിരാളികള്‍ ആണ്. അവര്‍ക്കെതിരെയുള്ള മത്സരം എളുപ്പമാകില്ല. എന്നാല്‍ മത്സര പരിചയം നേടാന്‍ ഉപകരിക്കും.

അടുത്തവര്‍ഷം നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യ യോഗ്യത നേടിയിട്ടുണ്ട്. ഈ മത്സരം അതിനുള്ള ഒരുക്കമായിട്ടാണ് ടീം കാണുന്നത്. ചൈനയ്‌ക്കെതിരേ തോറ്റാലും മികച്ച പ്രകടനം നടത്തിയാല്‍ അത് ടീമിന്റെ മനോവീര്യം ഉയര്‍ത്തുമെന്ന് ജെജെ പറയുന്നു. സന്ദേശ് ജിംഗനും മത്സരത്തെപ്പറ്റി ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിച്ചത്. അനസുമായുള്ള കൂട്ടുകെട്ട് ടീമിന് ഗുണം ചെയ്യുമെന്ന് ജിംഗന്‍ പറയുന്നു.

ഒരാളെ മാത്രം ആശ്രയിച്ചല്ല ടീമിന്റെ പ്രതിരോധം രൂപപ്പെടുന്നത്. പരസ്പര ധാരണയ്ക്ക് ഇതില്‍ മികച്ച പങ്കുണ്ട്. നമ്മുടെ കൂടെ കളിക്കുന്ന പ്രതിരോധതാരങ്ങളേയും നമ്മള്‍ വിശ്വസിക്കണം. ഒരു താരം പ്രതിരോധത്തില്‍ ദീര്‍ഘനാളായി നമ്മുടെ പങ്കാളിയാവുകയാണെങ്കില്‍ അത് വലിയ രീതിയില്‍ ഗുണം ചെയ്യും. ഞാനും അനസും തമ്മില്‍ അത്തരമൊരു ബന്ധമാണുള്ളത്. തങ്ങള്‍ തമ്മില്‍ മികച്ച പരസ്പരധാരണയുണ്ട- ഇന്ത്യന്‍ വന്മതില്‍ പറയുന്നു.