SHARE

ലാറ്റിനമേരിക്കയിലെ കിരീടപ്പോരാട്ടമായ കോപ്പാ ലിബെർട്ടഡോസ് മത്സരത്തിനിടെ കളിക്കാർ തമ്മിലുണ്ടായത് കൂട്ടയിടി. ബ്രസീലിലെ സൂപ്പർ ക്ലബുകളായ ​ഗ്രെമിയോയും ഇന്റർനാസിയോണലും തമ്മിൽ കളിച്ച മത്സരത്തിനിടെ നടന്ന കനത്ത കയ്യാങ്കളിക്കൊടുവിൽ എട്ട് താരങ്ങളാണ് ചുവപ്പുകാർഡ് കണ്ട് പുറത്തായത്.

ബ്രസീലിൽ ഏറ്റവു പ്രധാനപ്പെട്ട എതിരാളികളാണ് ​ഗ്രെമിയോയും ഇന്റർനാസിയോണലും. ലിബർട്ടഡോസിന്റെ ​ഗ്രൂപ്പ് ​ഘട്ടത്തിൽ ഇരുവരും ഒരേ ​ഗ്രൂപ്പിലെത്തിയതോടെ തന്നെ മത്സരം അതിരുവിടുമെന്ന് ഉറപ്പായിരുന്നു. ഇന്ന് ​ഗ്രെമിയോയുടെ മൈതാനത്ത് നടന്ന മത്സരത്തിലാണ് അടിപൊട്ടിയത്. ​ഗോൾരഹിത സമനിലയിൽ കലാശിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് അതിരൂക്ഷമായ സംഘർഷം ഉടലെടുത്തത്.

സൈഡ്ലൈനോട് ചേർന്ന് ഇരുടീമിലേയും ഓരോ താരങ്ങൾ തമ്മിൽ തുടങ്ങിയ തർക്കമാണ് നിമിഷനേരകൊണ്ട് കൂട്ടയിടിയിലേക്ക് വഴിമാറിയത്. ഇരുടീമുകളിലേയും പകരക്കാരടക്കം ഏതാണ്ടെല്ലാ കളിക്കാരും പരിശീലകസംഘവും സംഘർഷത്തിൽ പങ്കാളികളായി. ​ഗ്രൗണ്ടിന്റെ പലഭാ​ഗങ്ങളിലായി നടന്ന അടി ഒരു മിനിറ്റിലേറെ നീണ്ടുനിന്നു.

തുടർന്ന് റെഫറിയും മറ്റ് മുതിർന്ന താരങ്ങളും ചേർന്ന് നടത്തിയ തീവ്രശ്രമങ്ങൾക്കൊടുവിലാണ് സംഘർഷം അവാസനിപ്പിച്ചത്. ഇതിനുപിന്നാലെ ഇരുടീമുകളിലേയും നാല് താരങ്ങളെ വീതം റെഫറി ചുവപ്പുകാർഡുയർത്തി പുറത്താക്കി.