SHARE

സീസണില്‍ ആകെ ഒരു മത്സരം മാത്രം ജയിക്കുക. സ്വന്തം മൈതാനത്ത് ഒരുവര്‍ഷത്തിലേറെയായി പേരിനൊരു ജയം പോലുമില്ലാത്ത അവസ്ഥ. ഹോം ഗ്രൗണ്ടില്‍ അവസാന മത്സരം കാണാനെത്തിയത് വെറും 4,000ത്തോളം പേര്‍ മാത്രം. എന്നിട്ടും ബെംഗളൂരു എഫ്‌സിയുമായി ജയത്തോളം പോന്നൊരു സമനില സ്വന്തമാക്കിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മടങ്ങുന്നത്.

എന്തുകൊണ്ടാണ് ഇത്രയധികം വീര്യത്തോടെ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്? ടീമിനുള്ളില്‍ നിന്നും കോച്ചില്‍ നിന്നും ലഭിച്ച പ്രചോദനത്തിനൊപ്പം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ഗ്യാലറികളില്‍ മഞ്ഞക്കടലാക്കിയ ആരാധകര്‍ക്കും അതിലൊരു റോളുണ്ട്. നാട്ടിലെ ആരാധകരില്‍ ഒരു കൂട്ടരെങ്കിലും തിരസ്‌കരിച്ച ടീമിനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ബെംഗളൂരുവിലെ മഞ്ഞപ്പട ആരാധകര്‍. കളിക്കാര്‍ ബസില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ആവേശത്തോടെ അവരെ പിന്തുണയ്ക്കുകയായിരുന്നു.

കളിയുടെ ആദ്യമിനിറ്റ് മുതല്‍ ഓരോ നീക്കങ്ങള്‍ക്കും അവര്‍ ടീമിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഒരുവേള ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടാണോ ഇതെന്ന് പലപ്പോഴും തോന്നിപ്പിച്ചു. അത്ര മാത്രം പിന്തുണയാണ് മഞ്ഞക്കുപ്പായക്കാര്‍ക്ക് കിട്ടിയത്. മത്സരശേഷം നിറഞ്ഞ കൈയ്യടികളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ആരാധകര്‍ മടക്കിയയച്ചത്. വലിയ ബാനറുകള്‍ ഉയര്‍ത്തിയാണ് മഞ്ഞപ്പട ആരാധകര്‍ സതേണ്‍ ഡെര്‍ബി ആവേശമാക്കിയത്.

ടീം തളര്‍ന്നു നില്ക്കുമ്പോള്‍ തങ്ങള്‍ക്ക് സാധിക്കുന്ന രീതിയില്‍ പിന്തുണ നല്കുകയെന്ന ഉദേശത്തോടെയാണ് ഈ മത്സരത്തിനായി എത്തിയതെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്‌പോര്‍ട്‌സ്മലയാളത്തോട് പറഞ്ഞു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് കളി കാണാനെത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വരും മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരാന്‍ ബെംഗളൂരുവിനെതിരായ മത്സരം സഹായിച്ചേക്കും.