SHARE

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ ബാറ്റ്സ്മാന്മാരുടെ മാസ്മരിക ബാറ്റിംഗ് വെടിക്കെട്ട്. പഞ്ചാബിനെതിരായ മത്സരത്തിലാണ് മുംബൈ ബാറ്റ്സ്മാന്മാർ ഇടിവെട്ട് ബാറ്റിംഗ് പുറത്തെടുത്തത്. പൃഥ്വി ഷാ തുടങ്ങിവെച്ച ബാറ്റിംഗ് വെടിക്കെട്ട് ശ്രേയസ് അയ്യറും, സൂര്യകുമാർ യാദവും ചേർന്ന് ഏറ്റെടുത്തപ്പോൾ ആദ്യ ബാറ്റിംഗിൽ മുംബൈ നേടിയത് 243/3 എന്ന ഹിമാലയൻ ടോട്ടൽ.

പഞ്ചാബിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും, ആദിത്യ താരെയും ചേർന്ന് നൽകിയത്. 6.5 ഓവറിൽ 71 റൺസ് ഇരുവരും ചേർന്ന് നേടി. ഷാ 27 പന്തിൽ 4 വീതം ബൗണ്ടറികളും സിക്സറുകളുമെടുത്ത് പുറത്തായി. മൂന്നാമനായിറങ്ങിയ ശ്രേയസ് അയ്യറും, സൂര്യകുമാർ യാദവും ഒത്തു ചേർന്നതോടെ പഞ്ചാബ് ബോളർമാർ വിയർത്തു‌.

ഒന്നിന് പുറകേ ഒന്നായി ബൗണ്ടറികൾ നേടിക്കൊണ്ടിരുന്ന ഇരുവരും ചേർന്ന് ടീമിനെ ഹിമാലയൻ ടോട്ടലിലേക്ക് നയിക്കുകയായിരുന്നു‌. സൂര്യകുമാർ യാദവ് വെറും 35 പന്തിൽ 8 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 80 റൺസ് നേടി പുറത്തായപ്പോൾ, ശ്രേയസ് അയ്യർ 40 പന്തിൽ 7 ബൗണ്ടറികളും 4 സിക്സറുകളുമടക്കം നേടിയ 80 റൺസോടെ പുറത്താകാതെ നിന്നു.