SHARE

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിന് രണ്ടാം പരിശീലന മത്സരത്തിലും തകര്‍പ്പന്‍ ജയം. കൗണ്ടി ടീമായ ലീസ്റ്റര്‍ഷെയറിനെ 281 റണ്‍സിനാണ് ശ്രേയസ് അയ്യരും സംഘവും തോല്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 459 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ ബാറ്റു ചെയ്ത ലീസ്റ്റര്‍ വെറും 177 റണ്‍സിന് പുറത്തായി. 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് ആതിഥേയ ടീമിനെ തകര്‍ത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി പ്രിത്വി ഷാ 132 റണ്‍സും മായങ്ക് അഗര്‍വാള്‍ പുറത്താകാതെ 151 റണ്‍സുമാണ് അടിച്ചുകൂട്ടി. ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും 221 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ പടുത്തുയര്‍ത്തിയത്. പ്രിത്വി ഷായുടെ വിക്കറ്റ് അതീഖ് ജാവേദ് വീഴ്ത്തി. അതേസമയം, 106 പന്ത് നേരിട്ട അഗര്‍വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

പ്രിത്വി 20 ഫോറുകളും 3 സിക്‌സുകളുമടിച്ചപ്പോള്‍ അഗര്‍വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 18 ഫോറുകളും 5 സിസ്‌കറുകളുമായിരുന്നു. ശുഭ്മാന്‍ ഗില്‍ 54 പന്തില്‍ 86 റണ്‍സെടുത്ത് പ്രിത്വിക്കും അഗര്‍വാളിനും ഉറച്ച പിന്തുണ നല്‍കി. ദീപക് ഹൂഡ (38), ശ്രേയസ്സ് അയ്യര്‍ (15), ഋഷഭ് പന്ത് (13) എന്നിവരാണ് മറ്റു ഇന്ത്യന്‍ സ്‌കോറര്‍മാര്‍. ലെസ്റ്റര്‍ഷെയറിന് വേണ്ടി അതീഖ് ജാവേദ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ മത്സരത്തിലും ഇന്ത്യ അനായാസം ജയിച്ചിരുന്നു.