SHARE

ഇന്ത്യൻ സൂപ്പർ ക്ലബ് എടികെ മോഹൻ ബ​ഗാൻ അടുത്തയാഴ്ച ഏഎഫ്സി കപ്പിൽ നിർണായക പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഏഎഫ്സി കപ്പ് ഇന്റർസോൺ സെമി ഫൈനലിൽ ഉസ്ബക്കിസ്ഥാൻ ക്ലബ് എഫ്സി നസാഫിനെതിരെയാണ് ബ​ഗാന്റെ മത്സരം. ഈ മാസം 22-ന് ഉസ്ബക്കിസ്ഥാനിലാണ് മത്സരം അരങ്ങേറുന്നത്.

നിർണായക പോരാട്ടത്തിന് മുന്നോടിയായി ബ​ഗാൻ സ്ക്വാഡ് ഇപ്പോൾ ദുബായിൽ പരിശീലനത്തിലാണ്. ടീം ഇവിടെ നിന്ന് ഉസ്ബക്കിസ്ഥാനിലേക്ക് പറക്കും. മത്സരത്തിന് ഏഴ് ദിവസം മുമ്പ് സ്ക്വാഡ് വിവരങ്ങൾ ഏഎഫ്സിയെ അറിയിക്കണമെന്നാണ് നിയമം. ഇത് പ്രകാരം ക്ലബ് 23 അം​ഗ സ്ക്വാഡിനെ തിരഞ്ഞെടുത്ത് ഏഎഫ്സിയെ അറിയിച്ചുകഴിഞ്ഞന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത്. എന്നാൽ ക്ലബ് സ്ക്വാഡ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല.

​ഗോൾ ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് സൂപ്പർതാരം ഹ്യൂ​ഗോ ബോമോ ഈ പോരാട്ടത്തിൽ കളിക്കില്ല. ഇക്കുറി ബ​ഗാൻ ടീമിലെത്തിച്ച ബോമോ നേരത്തെ ​ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. എന്നാൽ ബോമോ ഇപ്പോൾ ദുബായിയിലെ ക്യാംപിൽ ഇല്ല എന്നാണ് സൂചനകൾ. ബോമോ ഫ്രാൻസിൽ തുടരുകയാണന്നും റിപ്പോർട്ടുകളുണ്ട്.

ബോമോ ഇല്ലെങ്കിൽ ഫിൻലൻഡ് താരം ജോണി കൗക്കോ ടീമിലിടം പിടിക്കാനാണ് സാധ്യത. നേരത്തെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്ന് കൗക്കോയെ ബ​ഗാൻ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ് ഒഴിവാക്കിയിരുന്നു. ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ എന്നീ വിദേശികൾ സ്ക്വാഡിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഐറിഷ് താരം കാൾ മ​ഗ്ഹ്യൂവാകും സ്ക്വാഡിലെ നാലാം വിദേശിയെന്നാണ് സൂചന. സ്പാനിഷ് താരം ടിരി ക്യാംപിലുണ്ടെങ്കിലും മത്സരത്തിനുള്ള സ്ക്വാഡിൽ ഉണ്ടായേക്കില്ലന്നും റിപ്പോർട്ടിൽ പറയുന്നു.