SHARE

ഐ.എസ്.എൽ ഏഴാം സീസണിന് തയ്യാറെടുക്കുന്ന മുംബൈ സിറ്റി ഫ്രഞ്ച് താരം ഹ്യൂ​ഗോ ബോമോയെ ടീമിലെത്തിച്ചു. മറ്റൊരു ഐ.എസ്.എൽ ക്ലബായ എഫ്.സി.​ഗോവയിൽ നിന്നാണ് ഈ മധ്യനിരതാരം മുംബൈയിലെത്തുന്നത്. ഇക്കാര്യം ക്ലബ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ​ഗോവയ്ക്കായി തകർപ്പൻ പ്രകടനമാണ് ഹ്യൂ​ഗോ നടത്തിയത്. പത്ത് ​ഗോളുകൾ നേടിയ ഹ്യൂ​ഗോ 11 ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. തുടർന്ന് സീസണിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ഹ്യൂ​ഗോയെ തേടിയെത്തി. ഇക്കുറി ഏ.എഫ്.സി.ചാമ്പ്യൻസ് ലീ​ഗ് കളിക്കുന്ന ​ഗോവയുടെ മിന്നും താരമാകും ഹ്യൂ​ഗോയെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മിന്നൽ നീക്കത്തിലൂടെ താരത്തെ മുംബൈ റാഞ്ചുകയായിരുന്നു.

​ഗോവ മുൻ പരിശീലകനായിരുന്ന സെർജിയോ ലൊബേറയാണിപ്പോൾ മുംബൈയെ കളിപഠിപ്പിക്കുന്നത്. ലൊബേറയെ പിന്തുടർന്നാണ് ഹ്യൂ​ഗോ മുംബൈയിലെത്തുന്നത്. 2022 വരെയാണ് താരം മുംബൈയുമായി കരാറിലെത്തിയത്.