SHARE

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിന് മുന്നോടിയായി ഫ്രഞ്ച് സൂപ്പർതാരം ഹ്യൂ​ഗോ ബോമോ ഇന്ത്യയിലെത്തി. എടികെ മോഹൻ ബ​ഗാൻ താരമായ ഈ പ്ലേമേക്കർ ഡെൽഹിയിൽ വിമാനമിറങ്ങിയതായി പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ട്വീറ്റ് ചെയ്തത്. വൈകാതെ താരം ​ഗോവയിൽ ടീമിനൊപ്പം ചേരും.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയുടെ താരമായിരുന്നു ബോമോ. മുംബൈയെ ഐഎസ്എൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ ശ്രദ്ധേയ പങ്കാണ് ബോമോ വഹിച്ചത്. എന്നാൽ ഇക്കുറി അപ്രതീക്ഷിതമായി താരത്തെ ബ​ഗാൻ റാഞ്ചുകയായിരുന്നു. റെക്കോർഡ് ട്രാൻസ്ഫർ തുക മുടക്കിയാണ് ബ​ഗാൻ ബോമോയെ സ്വന്തമാക്കിയത്. തുടർന്ന് ബ​ഗനായി എഎഫ്സി കപ്പ് ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ബോമോ തകർപ്പൻ പ്രകടനം നടത്തി. എന്നാൽ നിർണായകമായ ഏഎഫ്സി കപ്പ് ഇന്റർസോൺ സെമിഫൈനൽ പോരാട്ടത്തിൽ ബോമോ കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം പിന്മാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇതിനുപിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് നിന്ന് ബ​ഗാൻ ടീമുമായി ബന്ധപ്പെട്ട ചിത്രങ്ങളൊക്കെ നീക്കിയരുന്നു. ഇതോടെ ബോമോ ക്ലബ് വിടുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ബയോബബിളിൽ തുടരാൻ കഴിയാത്തതിനാലാണ് താരം ക്ലബ് വിടുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വൈകാതെ തന്നെ തന്റെ ഫോൺ മോഷണം പോയതായി ബോമോ തന്നെ വിശദീകരണം നൽകി. എങ്കിലും താരത്തിന്റെ കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. എന്നാലിപ്പോൾ ബോമോ ഇന്ത്യയിലെത്തിയതോടെ എല്ലാ ആശങ്കകൾക്കും അവസാനമായിരിക്കുകയാണ്.