SHARE

പെറുവിനെതിരായ വിജയത്തിൽ ​ഗോൾവല കാത്തതോടെ ഒരു ചരിത്ര നേട്ടമാണ് ഫ്രഞ്ച് ​ഗോളിയും നായകനുമായ ഹ്യൂ​ഗോ ലോറിസിനെ തേടിയെത്തിയത്. ദേശീയ ടീമിനായി 100 അന്താരാഷ്ട്ര മത്സരങ്ങൾ എന്ന നേട്ടത്തിനാണ് ഇപ്പോൾ ലോറിസും ഉടമയായത്. മത്സരത്തിൽ ​ഗോൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് സ്വന്തമാക്കി, ലോറിസ് ചരിത്രനേട്ടം ആഘോഷിച്ചു.

2008-ൽ ​ഗ്രി​ഗറി കോപെറ്റിന് പകരക്കാരനായി ഫ്രഞ്ച് ​ഗോൾവലകാത്തുതുടങ്ങിയ ലോറിസ്, നൂറ് അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കുന്ന ആദ്യ ഫ്രഞ്ച് ​ഗോൾക്കീപ്പർ കൂടിയാണ്. 2000-ന് ശേഷം അരങ്ങേറ്റം കുറിച്ചവരിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രഞ്ച്കാരനും ലോറിസ് തന്നെ. ഫ്രഞ്ച് ക്ലബുകളായ നീസിലും, ലിയോണിലും കളിച്ചശേഷം 2012-ൽ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിലെത്തി. തുടർന്ന് ഇതുവരെ 250-ലേറെ മത്സരങ്ങൾ ലോറിസ് ടോട്ടനത്തിന്റെ ​ഗോൾവല കാത്തു.

ദേശീയ ടീമിനായി നൂറ് മത്സരങ്ങൾ കളിക്കുന്ന ഏഴാമത്തെ കളിക്കാരനാണ് ലോറിസ്. 142 മത്സരങ്ങൾ കളിച്ചിട്ടുള്ള ലിലിയൻ തുറാമാണ് ഇക്കാര്യത്തിൽ ഒന്നാമത്. മാഴ്സൽ ദെസെയിലി, സിനദിൻ സിദാൻ, തിയറി ഹെന്റി, പാട്രിക്ക് വിയേര, ഇപ്പോഴത്തെ ഫ്രഞ്ച് പരശീലകൻ ദിദിയർ ദെഷാംപ്സ് എന്നിവരാണ് സെ‍ഞ്ചുറി തികച്ച് മറ്റ് ഫ്രഞ്ച് താരങ്ങൾ.