SHARE

ജൂണിൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ ലോകനേതാക്കളോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച്. സിറിയയിൽ റഷ്യ നടത്തുന്ന സൈനിക ഇടപെടലുകളിൽ പ്രതിഷേധിച്ചാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റ ആവശ്യം.

സിറിയയിൽ ഏഴ് വർഷമായി തുടരുന്ന ആഭ്യന്തരകലാപത്തിൽ സാധാരണക്കാരാണ് ഇരകളാകുന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനൊപ്പം നിൽക്കുന്ന റഷ്യ, സിറിയൻ സേനക്ക് പിന്തുണയുമായുണ്ട്. ഇരുവരും ചേർന്ന് സിറിയയിലെ സാധാരണക്കാരെ പീഡിപ്പിക്കുകയാണെന്നാണ് ഹായൂമൻ റൈറ്റ്സ് വാച്ച് ആരോപിക്കുന്നത്. സാധരണ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുതിൻ കൈക്കൊള്ളണം – അവർ ആവശ്യപ്പെട്ടു.

ലോകത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ തത്സമയം കാണുന്ന പരിപാടികളിലൊന്നാണ് ലോകകപ്പ് ഉദ്ഘാടനം ചടങ്ങ്. ഈ ചടങ്ങിൽ പങ്കെടുക്കാതെ സിറിയ പ്രശ്നത്തിൽ പുതിന് പ്രതിഷേധ സൂചന നൽകാൻ ലോകനേതാക്കൾ തയ്യാറാകണമെന്നാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ ആവശ്യം. ഈ മാസം ആദ്യം തന്നെ റഷ്യൻ ലോകകപ്പിനെ വിമർശിച്ച് ഇവർ രം​ഗത്തെത്തിയിരുന്നു, സോവിയറ്റ് കാലഘട്ടത്തിന് ശേഷം ഏറ്റവുമധികം മനുഷ്യാവകാശലംഘനം നടക്കുന്ന സമയത്താണ് റഷ്യ ലോകകപ്പ് നടത്തുന്നതെന്നായിരുന്നു അന്ന് അവരുടെ ആരോപണം.