SHARE

ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും ടോപ്പ് സ്കോററാണ് കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. 2014 ൽ കേരളാ ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ ഹ്യൂം, ആദ്യ സീസണ് ശേഷമുള്ള രണ്ട് വർഷം കൊൽക്കത്തൻ ടീമിനൊപ്പമാണ് പന്ത് തട്ടിയത്. ആദ്യ മൂന്ന് സീസണുകളിലും ഐ എസ് എൽ എൽ സെമി ഫൈനൽ കളിച്ച ഹ്യൂം 2016 ൽ കൊൽക്കത്തയ്ക്കൊപ്പം കിരീടവും ചൂടി. എന്നാൽ ഈ വർഷം തന്റെ പഴയ തട്ടകത്തിലേക്ക് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ മടങ്ങിയെത്തിയിരു‌ന്നു.

നാലാം സീസണിൽ മോശം തുടക്കമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റേത്. ഒപ്പം ഹ്യൂമേട്ടനും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു. ഡേവിഡ് ജെയിംസ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയതിന് ശേഷമാണ് ഹ്യൂം മികവിലേക്കെത്തിയത്. എന്നാൽ ഇതിനിടയിൽ പരിക്കേറ്റ ഹ്യൂം ഐ എസ് എല്ലിൽ നിന്ന് പുറത്തായി. കേരളത്തിന്റെ അവസാന ലീഗ് മത്സരങ്ങളിൽ പരിക്ക് മൂലം ഹ്യൂമിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോളിതാ പരിക്കിൽ നിന്ന് പതുക്കെ മോചിതനായി വരുന്ന ഹ്യൂം ഇന്ത്യൻ സൂപ്പർ ലീഗ് ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഐ എസ് എല്ലിനെക്കുറിച്ചുള്ള തന്റെ ചില ഓർമ്മകൾ പങ്ക് വെച്ചത്.

നാല് സീസണുകളിൽ ഐ എസ് എൽ കളിച്ച ഹ്യൂമിന് ഐ എസ് എല്ലിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷം 2014 ൽ ചെന്നൈയനെതിരായ രണ്ടാം പാദ സെമി ഫൈനലിന്റെ അധിക സമയത്ത് സ്റ്റീഫൻ പിയേഴ്സൺ വിജയ ഗോൾ നേടിയതാണ്. കേരളാ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച ആ ഗോളിന് പിന്നിൽ പിയേഴ്സൺ ബ്രില്ല്യൻസാണെന്ന് അഭിപ്രായപ്പെടുന്ന ഹ്യൂം അത് തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും പറയുന്നു. അന്ന് പിയേഴ്സൺ നേടിയ ഗോൾ, ഗോൾ വ്യത്യാസത്തിൽ ചെന്നൈയനെ മറികടന്ന് ഫൈനലിലെത്താൻ കേരളത്തെ സഹായിച്ചിരുന്നു.

ഐ എസ് എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങളിൽ ഹ്യൂം നേടിയ ഗോളുകളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതും ചെന്നൈക്കെതിരെയുള്ള ഗോളാണ്. 2015 ൽ കൊൽക്കത്തയ്ക്ക് വേണ്ടിയായിരുന്നു ഹ്യൂമിന്റെ പ്രിയപ്പെട്ട ഗോൾ പിറന്നത്. ഫൈനൽ പ്രവേശനം നേടാൻ ആ ഗോൾ സഹായിച്ചില്ലെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗോളുകളിൽ മുന്നിൽ നിൽക്കുന്നത് ആ ഗോൾ തന്നെയാണെന്നും ഹ്യൂം പറയുന്നു.