SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച പ്രതിരോധ താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. കഴിഞ്ഞ ദിവസം പ്രശസ്ത മാധ്യമപ്രവർത്തക ഖുരി ഇറാനിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെയായിരുന്നു ഹ്യൂം ഇക്കാര്യത്തിൽ മനസ് തുറന്നത്.

ഐ എസ് എല്ലിൽ നേരിട്ട ഏറ്റവും ശക്തനായ എതിരാളി സെഡ്രിക് ഹെംഗ്ബെർട്ട് ആണെന്നാണ് ഹ്യൂം പറയുന്നത്. കളി നന്നായി വായിച്ചെടുക്കാൻ മികവുള്ള താരമാണ് ഹെംഗ്ബെർട്ട് എന്നും, 2015 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും, 2016 ൽ കേരളാ‌ബ്ലാസ്റ്റേഴ്സിനുമെതിരെ കളിച്ചപ്പോൾ, ഹെംഗ്ബെർട്ട്‌ തന്നെ വളരെയധികം കഷ്ടപ്പെടുത്തിയെന്നും ഹ്യൂം കൂട്ടിച്ചേർത്തു.

തന്നെ ഐ എസ് എല്ലിൽ കഷ്ടപ്പെടുത്തിയ താരങ്ങളുടെ ലിസ്റ്റിൽ ഹെംഗ്ബെർട്ടിന് തൊട്ടു പിന്നാലെ മുൻ ചെന്നൈയൻ എഫ് സി താരം ബെർണാഡ് മെൻഡിയുണ്ടെന്ന് ഹ്യൂം പറയുന്നു. മെൻഡിയെക്കുറിച്ച് ഹ്യൂമിന്റെ വാക്കുകൾ ഇങ്ങനെ, “ബെർണാഡ് മെൻഡി ഏറ്റവും ശക്തനായ എതിരാളികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിനെതിരെ ഗോളുകൾ നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, എന്നാൽ ഒരിക്കലും അദ്ദേഹത്തിനെതിരെ കളിക്കുന്നത് എളുപ്പമായിരുന്നില്ല. പന്തിന് വേണ്ടി പോരാടാൻ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.” കനേഡിയൻ താരം പറഞ്ഞുനിർത്തി.