SHARE

പന്തു ചുരണ്ടല്‍ വിവാദത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് നേരിടുന്ന സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയിനാണ് ഓസ്ട്രേലിയയെ നയിക്കുന്നത്.  എന്നാല്‍ പെയിനെ ക്യാപ്റ്റനാക്കിയതിൽ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസീസ് താരം മൈക്ക് ഹസ്സി.

ഇംഗ്ലണ്ടിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന പരമ്പരയില്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ ടീമും നടത്തിയ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഹസ്സിയുടെ അഭിപ്രായ പ്രകടനം. ഇംഗ്ലണ്ടിനെതിരെ പരമ്പര ഓസ്‌ട്രേലിയ അടിയറവ് വെച്ചപ്പോള്‍ മത്സരങ്ങളില്ലൊം ടിം പെയിനും നിരാശപ്പെടുത്തിയിരുന്നു. 12, 15, 5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. മികച്ച ലീഡര്‍മാരായത് കൊണ്ട് മാത്രം കാര്യമില്ലെന്നും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തണമെന്നും ഹസ്സി പറഞ്ഞു. മുന്നില്‍ നിന്ന് നയിക്കുന്ന ഒരു ക്യാപ്റ്റനെയാണ് ഓസ്‌ട്രേലിയക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിം പെയിന് പകരം വിക്കറ്റ് കീപ്പറായി യുവതാരം അലക്‌സ് കാരിയ്ക്ക് അവസരം നല്‍കണമെന്ന് പറഞ്ഞ ഹസ്സി അടുത്ത ലോകകപ്പിൽ വാര്‍ണറെയും സ്മിത്തിനെയും ടീമിലെടുക്കണമെന്നും അഭിപ്രായപ്പെട്ടു. പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കാണ് സ്മിത്തും വാര്‍ണറും നേരിടുന്നത്. ലോകകപ്പിന് മുമ്പ് മാര്‍ച്ചിലാണ് ഇരുവരുടെയും വിലക്ക് കാലാവധി അവസാനിക്കുന്നത്. 2019 മെയ് 3നാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് തുടങ്ങുന്നത്. ജൂണ്‍ 1ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം.