SHARE

തന്നെ നയിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്മാർ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗും, മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് മുൻ ഓസ്ട്രേലിയൻ സൂപ്പർ താരം മൈക്കൽ ഹസി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഹസി ഇങ്ങനെ അഭിപ്രായപ്പെട്ടത്. റിക്കി‌പോണ്ടിംഗിന് കീഴിൽ ഏറെ നാൾ ഓസ്ട്രേലിയൻ ദേശീയ ടീമിലും, ധോണിക്ക് കീഴിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിലും കളിച്ചിട്ടുള്ള താരമാണ് മൈക്ക് ഹസി.

അതേ സമയം റിക്കി പോണ്ടിംഗ്, എം എസ് ധോണി എന്നിവരെ മികച്ച നായകന്മാരായി ചൂണ്ടിക്കാട്ടുന്ന‌ ഹസി, ഇവരിൽ മികച്ച നായകൻ ആരെന്ന് തിരഞ്ഞെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറയുന്നു. ഇത്തരമൊരു ‌ചോദ്യത്തിന് ഹസിയുടെ മറുപടി ഇങ്ങനെ, “അവർ രണ്ട് പേരും മഹത്തായ ക്യാപ്റ്റന്മാരാണ്. ഇവരിൽ ആരാണ് മികച്ചതെന്ന് പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ട് പേരും പരസ്പരം വ്യത്യസ്തരാണ്‌. ധോണി ഏറെ ശാന്തനും, സൗമ്യനുമാണ്. അദ്ദേഹം അധികം സംസാരിക്കില്ല. എന്നാൽ സംസാരിക്കുമ്പോളോക്കെ എല്ലാവരും അദ്ദേഹത്തിനായി കാതോർക്കും.

പോണ്ടിംഗ് ഫീൽഡിൽ ആക്രമണകാരിയായ നായകനാണ്. ഫീൽഡിംഗ് പരിശീലനത്തിൽ ഏറ്റവും മികച്ച ഫീൽഡറാകാനും, നെറ്റ്സ് പരിശീലനത്തിൽ ഏറ്റവും മികച്ച ബാറ്റ്സ്മാനാകാനുമാണ് അദ്ദേഹം എല്ലായ്പ്പോളും ആഗ്രഹിക്കുന്നത്.” ഹസി പറഞ്ഞുനിർത്തി.