SHARE

ആദ്യം ബാറ്റു കൊണ്ടും പിന്നെ പന്തുകൊണ്ടും റഷീദ് ഖാന്‍ വിസ്മയം തീര്‍ത്തപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലിന്റെ ഫൈനലില്‍. ഞായാറാഴ്ച്ച നടക്കുന്ന കലാശക്കൊട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് കെയ്ന്‍ വില്യംസണിന്റെയും കൂട്ടരുടെയും എതിരാളികള്‍. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 13 റണ്‍സിനാണ് ഹൈദരാബാദ് മറിച്ചിട്ടത്. 10 പന്തില്‍ 34 റണ്‍സെടുക്കുകയും മൂന്നു വിക്കറ്റുകള്‍ പിഴുതെടുക്കുകയും ചെയ്ത റഷീദ് ഖാനാണ് കളിയിലെ താരം. സ്‌കോര്‍ ഹൈദരാബാദ് 174-7, കൊല്‍ക്കത്ത 161-9

പതിവുപോലെ ചെറുതെങ്കിലും വെടിക്കെട്ട് തുടക്കമാണ് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് നല്കിയത്. വെറും 13 പന്തില്‍ 26 റണ്‍സെടുത്ത് വിന്‍ഡീസ് താരം പുറത്താകുമ്പോള്‍ സ്‌കോര്‍ 3.4 ഓവറില്‍ 40 റണ്‍സ്. വണ്ടര്‍ സ്പിന്നര്‍ റഷീദ് ഖാനെ പ്രതിരോധിക്കാന്‍ നിതീഷ് റാണയെ മൂന്നാം നമ്പറില്‍ അയച്ചെങ്കിലും റണ്ണൗട്ട് കണക്കുകൂട്ടല്‍ തെറ്റിച്ചു. 16 പന്തില്‍ 22 റണ്‍സെടുത്ത റാണ പുറത്തായതോടെ ഹൈദരാബാദ് വീണ്ടും കളിയിലേക്ക് തിരിച്ചുവന്നു. റഷീദ് ഖാന്‍ പന്തെറിയാന്‍ എത്തിയതോടെ ട്വിസ്റ്റുകളാല്‍ മത്സരം സമ്പന്നമായി.

ഒന്നിന് 87 റണ്‍സില്‍ നിന്ന് ആറുവിക്കറ്റിന് 118ലേക്ക് കൊല്‍ക്കത്ത വീണത് പെട്ടെന്നായിരുന്നു. ഇതില്‍ ക്രിസ് ലിന്‍ (48), റോബിന്‍ ഉത്തപ്പ (2), ആന്ദ്രെ റസല്‍ (7) എന്നിവരുടെ വിക്കറ്റുകള്‍ റഷീദിനായിരുന്നു. നാലോവറില്‍ വെറും 19 റണ്‍സ് വഴങ്ങിയാണ് അഫ്ഗാന്‍ താരം മൂന്നുപേരെയും തിരിച്ചയച്ചത്. ഒരറ്റത്ത് പിടിച്ചുനിന്ന സുഭ്മാന്‍ ഗില്ലിലായിരുന്നു കൊല്‍ക്കത്തയുടെ അവസാന പ്രതീക്ഷ. എന്നാല്‍ സമര്‍ഥമായി പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തിലെ പിഴവ് ആവര്‍ത്തിച്ചില്ല.

ടോസ് നേടിയ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. കരുതലോടെയാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും വൃദ്ധിമാന്‍ സാഹയും തുടങ്ങിയത്. ധവാന്‍ പതിവുശൈലിയില്‍ തന്നെ കളിച്ചപ്പോള്‍ സാഹയുടെ ഇന്നിംഗ്‌സിന് വേഗം കുറവായിരുന്നു. ഫോമിലായിരുന്ന ധവാനെയും കെയ്ന്‍ വില്യംസണെയും ഒരേ ഓവറില്‍ പുറത്താക്കി കുല്‍ദീപ് യാദവ് സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ചു. ധവാന്‍ 24 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ മുന്നാമനായെത്തിയ വില്യംസണ്‍ 3 റണ്‍സ് മാത്രമാണ് നേടിയത്.

അടുത്തത് ചൗളയുടെ ഊഴമായിരുന്നു. 35 റണ്‍സെടുത്ത സാഹയെയാണ് ചൗള വീഴ്ത്തിയത്. ഷാക്കിബ് അല്‍ഹസനും ദീപക് ഹൂഡയും നിലയുറപ്പിച്ച് കളിച്ചെങ്കിലും നിര്‍ഭാഗ്യം വീണ്ടും സണ്‍റൈസേഴ്‌സിനെ തേടിയെത്തി. കുല്‍ദീപ് യാദവ് എറിഞ്ഞ പന്തില്‍ ദീപക് ഹൂഡ സ്‌ട്രൈറ്റിലേക്ക് അടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പന്ത് യാദവിന്റെ കയ്യില്‍ തട്ടി സ്റ്റമ്പിലേക്ക്. നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ കയറി നില്‍ക്കുകയായിരുന്ന ഷാക്കിബ് അല്‍ ഹസന്‍ അതോടെ പുറത്തായി.

24 പന്തില്‍ 28 റണ്‍സായിരുന്നു ഷാക്കിബിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 18 റണ്‍സെടുത്ത ഹൂഡ സുനില്‍ നരെയ്‌നും വിക്കറ്റ് സമ്മാനിച്ചു. കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് (8), യൂസുഫ് പത്താന്‍ (3) എന്നിവര്‍ കൂടി പുറത്തായതോടെ സണ്‍റൈസേഴ്‌സിന്റെ നില പരുങ്ങലിലായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റാഷിദ്ഖാനാണ് സണ്‍റൈസേഴ്‌സ് സ്‌കോര്‍ 170 കടത്തിയത്.