SHARE

ചെറിയ സ്‌കോറില്‍ വീണിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചടിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ചാം ജയം. ചെറിയ സ്‌കോറില്‍ ഒതുങ്ങിയിട്ടും ബൗളര്‍മാരുടെ മികവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ വീഴ്ത്തിയത്‌ 13 റണ്‍സിന്. 133 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് 119 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ കെയ്ന്‍ വില്യംസണും കൂട്ടര്‍ക്കും പത്തുപോയിന്റായി.

പതിവുപോലെ ലോകേഷ് രാഹുലും ക്രിസ് ഗെയ്‌ലും പഞ്ചാബിന് മികച്ച തുടക്കമാണ് നല്കിയത്. മുഹമ്മദ് നബിയെ ന്യൂബോള്‍ പങ്കാളിയാക്കിയുള്ള കെയ്ന്‍ വില്യംസന്റെ നീക്കം തുടക്കത്തിലേ പാളി. നബിയുടെ ആദ്യ രണ്ടോവറില്‍ പിറന്നത് 24 റണ്‍സ്. ഗെയ്ല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി സംയമനം പാലിച്ചപ്പോള്‍ രാഹുല്‍ ആക്രമിച്ചു തന്നെ കളിച്ചു. ആദ്യ വിക്കറ്റ് വീഴാന്‍ ഹൈദരാബാദിന് എട്ടോവര്‍ കാത്തിരിക്കേണ്ടിവന്നു. രാഹുലിനെ (32) വീഴ്ത്തി റഷീദ് ഖാനാണ് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറില്‍ ഗെയ്‌ലിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മലയാളി താരം ബേസില്‍ തമ്പി തിരിച്ചയച്ചു. 22 പന്തില്‍ 23 റണ്‍സായിരുന്നു കരീബിയന്‍ താരത്തിന്റെ സമ്പാദ്യം.

ആദ്യ പത്തോവര്‍ വരെ പഞ്ചാബിന്റെ നിയന്ത്രണത്തിലായിരുന്ന മത്സരം നാടകീയമായി ഹൈദരാബാദ് പക്ഷത്തേക്ക് തിരിയുന്നതാണ് പിന്നീട് കണ്ടത്. ആദ്യം റഷീദും ഷക്കീബും ചേര്‍ന്ന് മധ്യനിരയെ തകര്‍ത്തു. കരുണ്‍ നായര്‍ (13), ആരോണ്‍ ഫിഞ്ച് (8), മനോജ് തിവാരി (1), ആന്‍ഡ്രു ടൈ (4) എന്നിവര്‍ കാര്യമായ സംഭാവന നല്കാതെ മടങ്ങിയതോടെ കളി ആതിഥേയരുടെ കൈയിലായി. ഹൈദരാബാദിനായി റഷീദ് ഖാന്‍ 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി ഒഴികെയുള്ള ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതാണ് ആതിഥേയരുടെ ജയത്തിന് കാരണം.

നേരത്തെ അങ്കിത് രാജ്പുതിന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ തുടക്കത്തിലെ പതറുന്ന ഹൈദരാബാദിനെയാണ് കണ്ടത്. ആദ്യ ഓവറില്‍ തന്നെ സംപൂജ്യനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്ത്. തൊട്ടുപിന്നാലെ ശിഖര്‍ ധവാന്‍ (11), വൃദ്ധിമാന്‍ സാഹ (6) എന്നിവരെയും രാജ്പുത് കൂടാരംകയറ്റി. ഒരുഘട്ടത്തില്‍ മൂന്നിന് 27 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഷക്കീബ് അല്‍ഹസനെ (28) കൂട്ടുപിടിച്ച് മനീഷ് പാണ്ഡ്യെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 79 റണ്‍സുള്ളപ്പോള്‍ ഷക്കീബ് മടങ്ങി. മികച്ച രീതിയില്‍ ബാറ്റു വീശിയെങ്കിലും മനീഷിന് സ്‌കോറിംഗിന് വേഗത കൊണ്ടുവരാന്‍ സാധിച്ചില്ല. അഞ്ചു വിക്കറ്റുകള്‍ പിഴുത രാജ്പുതാണ് ബൗളിംഗില്‍ തിളങ്ങിയത്.