ഐപിഎല്ലിലെ ഏറ്റവും മികച്ച സംഘം തങ്ങളുടേതാണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. റണ്ണൊഴുന്ന ജയ്പൂരിലെ പിച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനെ 11 റണ്‍സിന് തോല്പിച്ച വില്യംസണും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബൗളര്‍മാരുടെ മികവാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. സ്‌കോര്‍ ഹൈദരാബാദ് 151-7, രാജസ്ഥാന്‍ 140-6
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തിലേ ശിഖര്‍ ധവാനെ (6) നഷ്ടപ്പെട്ടെങ്കിലും മികച്ച തുടക്കമാണ് ലഭിച്ചത്. സീസണിലെ ആദ്യ മത്സരം കളിക്കുന്ന അലക്‌സ് ഹെയ്ല്‍സും കെയ്ന്‍ വില്യംസണും ഒത്തുചേര്‍ന്നപ്പോള്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. ട്വന്റി-20യുടെ വേഗത്തിനൊത്ത് ചലിച്ചില്ലെങ്കിലും ഹെയ്ല്‍സ് തന്റെ ഭാഗം ഭംഗിയാക്കി. എന്നാല്‍ പതിനാലാം ഓവറില്‍ രണ്ടാം വിക്കറ്റായി 45 റണ്‍സെടുത്ത ഹെയ്ല്‍സ് മടങ്ങിയതോടെ ഹൈദരാബാദിന്റെ തകര്‍ച്ചയും തുടങ്ങി.
ഏറെ വൈകും മുമ്പ് 43 പന്തില്‍ 63 റണ്‍സെടുത്ത വില്യംസണിനെ സ്വന്തം നാട്ടുകാരനായ ഇഷ് സോധി പുറത്താക്കി. മനീഷ് പാണ്ഡെ (16), ഷക്കീബ് അല്‍ ഹസന്‍ (6), യൂസഫ് പത്താന്‍ (2) എന്നിവര്‍ വീണതോടെ ഹൈദരാബാദ് 151 റണ്‍സില്‍ ഒതുങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജോഫ്ര ആര്‍ച്ചര്‍ ആയിരുന്നു രാജസ്ഥാന്റെ തുറുപ്പുചീട്ട്. നാലോവറില്‍ വെറും 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് ഈ എക്‌സ്പ്രസ് ബൗളര്‍ വീഴ്ത്തിയത്. കൃഷ്ണപ്പ ഗൗതവും (4-0-18-2) മോശമാക്കിയില്ല.
അത്ര വലുതല്ലാത്ത വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് രാഹുല്‍ ത്രിപാഠിയെ (4) മൂന്നാം ഓവറില്‍ നഷ്ടപ്പെട്ടു. എന്നാല്‍ സഞ്ജുവും രഹാനെയും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിച്ചു. ബേസില്‍ തമ്പിയുടെ ഒരോവറില്‍ 17 റണ്‍സടിച്ചെടുത്ത് സഞ്ജു മുന്നേറി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 70 റണ്‍സുള്ളപ്പോള്‍ സഞ്ജുവിനെ സിദ്ധാര്‍ഥ് കൗള്‍ വീഴ്ത്തി. 30 പന്തില്‍ 40 റണ്‍സായിരുന്നു മലയാളി താരത്തിന്‍െ സംഭാവന. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ബെന്‍ സ്റ്റോക്ക്‌സിനെ യൂസഫ് പത്താന്‍ സംപൂജ്യനായി മടക്കിയയച്ചു.
കൂറ്റനടിക്കാരന്‍ ജോസ് ബട്‌ലറെ (10) വീഴ്ത്തി റഷീദ് ഖാന്‍ ഹൈദരാബാദിന് മേധാവിത്വം നല്കി. എന്നാല്‍ അപകടകാരിയായ രഹാനെ പതറാതെ മുന്നോട്ടു നീങ്ങിയതോടെ രാജസ്ഥാന്‍ വീണ്ടും കളിയിലേക്ക് തിരിച്ചെത്തി. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സ്. അവസാന ഓവറില്‍ ബേസില്‍ തമ്പി മനോഹരമായി പന്തെറിഞ്ഞതോടെ ഹൈദരാബാദിന് ജയവും ഒന്നാം സ്ഥാനവും.