SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഹൈദരാബാദ് എഫ്.സി രണ്ട് സൈനിങ്ങുകൾ കൂടി നടത്തി. ഇന്ത്യൻ താരങ്ങളായ നിം ഡോർജി തമാങ്ങും ​ഗുർമീത് സിങ്ങുമാണ് ഹൈദരാബാദിലെത്തിയത്. ഇരുവരും ക്ലബുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവച്ചു. ഐ.എസ്.എൽ ക്ലബ് തന്നെയായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ഈ താരങ്ങളെ ഹൈദരബാ​ദ് റാഞ്ചിയത്.

25-കാരനായ തമാങ് പ്രതിരോധതാരമാണ്. റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കുന്ന താരം സിക്കിം സ്വദേശിയാണ്. ഷിലോങ് ലജോങ്ങിലൂടെ കരിയർ തുടങ്ങിയ തമാങ് പിന്നീട് പൂനെ സിറ്റിയലൂടെയാണ് ഐ.എസ്.എല്ലിലെത്തുന്നത്. 2019-ലാണ് തമാങ് നോർത്ത് ഈസ്റ്റിന്റെ ഭാ​ഗമാകുന്നത്.

21-കാരനായ ​ഗുർമീത് ​ഗോൾകീപ്പറാണ്. 2019 മുതൽ ​ഗുർമീതും നോർത്ത് ഈസ്റ്റിന്റെ ഭാ​ഗമാണ്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി എട്ട് മത്സരങ്ങളിൽ ​ഗുർമീത് ​ഗോൾവല കാത്തു. ഇതിൽ നിന്ന് രണ്ട് ക്ലീൻ ഷീറ്റും ഈ യുവ ​ഗോളി സ്വന്തം പേരിലാക്കി. ​തമാങ്ങും ​ഗുർമീതും കൂടിയെത്തിയതോടെ ഹൈദരാബാദ് ഇക്കുറി സൈൻ ചെയ്ത ഇന്ത്യൻ താരങ്ങളുടെ എണ്ണം അഞ്ചായി. അബ്ദുൾ റഹീബ്, അരേൻ ഡി സിൽവ, അനികേത് ജാദവ് എന്നിവരാണ് മുമ്പ് ഹൈദരാബാദിലെത്തിയത്. ഇന്ത്യൻ താരങ്ങൾക്ക് പുറമെ ബാർത്തലോമിയോ ഓ​ഗ്ബെച്ചെ, എഡു ​ഗാർസിയ, ജുവാൻ എന്നീ വിദേശതാരങ്ങളും ക്ലബിനൊപ്പം ചേർന്നു.