SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഹൈദരാബാദ് എഫ്.സി ഒരു സൈനിങ് കൂടി പ്രഖ്യാപിച്ചു. ഇന്ത്യൻ യുവതാരം അനികേത് ജാദവാണ് മനോലോ മാർക്വെസിന്റെ ടീമിലേക്കെത്തുന്നത്. മൂന്ന് വർഷത്തെ കരാറാണ് അനികേത് ക്ലബുമായി ഒപ്പുവച്ചരിക്കുന്നത്.

മുന്നേറ്റനിരക്കാരായ അനികേത് മഹാരാഷ്ട്ര സ്വദേശിയാണ്. 21-കാരനായ അനികേത് ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ കളിച്ചാണ് ശ്രദ്ധേയനായത്. പിന്നീട് ഇന്ത്യൻ ആരോസിലും ജെംഷദ്പുർ എഫ്.സിയിലും കളിച്ചശേഷമാണ് അനികേത് ഹൈദരാബാദിന്റെ ജേഴ്സിയണിയാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ ലിസ്റ്റൻ കൊളാസോയ്ക്ക് പകരക്കാരനായാണ് അനികേതിനെ ഹൈദരാബാദ് ഒപ്പം കൂട്ടിയത്. ഇന്ത്യൻ താരത്തിന് ലഭിക്കുന്ന റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ഇക്കുറി ലിസ്റ്റനെ എ.ടി.കെ മോഹൻ ബ​ഗാൻ സ്വന്തമാക്കി.

ഐ.എസ്.എൽ എട്ടാം സീസണിന് മുന്നോടിയായി ഹൈദരാബാ​ദ് നടത്തുന്ന മൂന്നാമത്തെ പ്രധാന സൈനിങ്ങാണ് അനികേതിന്റേത്. നേരത്തെ വിദേശതാരങ്ങളായ ബാർത്തലോമിയോ ഓ​ഗ്ബെച്ചെയേയും എഡു ​ഗാർസിയയേയും ക്ലബ് ഒപ്പം കൂട്ടിയിരുന്നു.