SHARE

ടീമിലാകെയുള്ളത് രണ്ട് വിദേശതാരങ്ങൾ, മുന്നേറ്റനിരയിലൊരു വിദേശി പോലുമില്ല, ചുവപ്പുകാർഡ് കണ്ട് വിലക്ക് നേരിട്ടതിനാൽ പരിശീലകൻ മാനുവൽ റോക്കയും ഇല്ല. എ.ടി.കെ മോഹൻ ബ​ഗാനെതിരെ ഐ.എസ്.എൽ മത്സരത്തിനിറങ്ങുമ്പോൾ എല്ലാം ഹൈദരാബാദ് എഫ്.സിക്ക് പ്രതികലമായിരുന്നു. എന്നാൽ ഒമ്പത് ഇന്ത്യൻ താരങ്ങളെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തി ​ഗ്രൗണ്ടിലിറങ്ങിയ ഹൈദരാബാദ് എ.ടി.കെയെ സമനിലയിൽ തളച്ച് കൈയ്യടി നേടുകയാണ്.

മധ്യനിരയിൽ ജാവോ വിക്ടർ, പ്രതിരോധത്തിൽ ഒഡായ് ഓനായിൻഡ്യ എന്നീ വിദേശികൾ മാത്രമായിരുന്നു ഹൈദരാബാദിന് വേണ്ടി കരുത്തരായ എ.ടി.കെയ്ക്കെതിരെ ​ഗ്രൗണ്ടിലിറങ്ങിയത്. ആക്രമണചുമതല മുഴുവൻ ഇന്ത്യൻ യുവതാരങ്ങൾക്കായിരുന്നു. പക്ഷെ മത്സരത്തിലുടനീളം ഉശിരൻ പ്രകടനം നടത്തിയാണ് ഹൈദരാബാദ്, എ.ടി.കെയെ പിടിച്ചുകെട്ടിയത്. സമനില നേടാൻ പെനാൽറ്റി ​ഗോൾ വേണ്ടിവന്നെങ്കിലും പാസുകളിലും ഷോട്ടുകളിലുമടക്കം ഹൈദരാബാദ് തന്നെയാണ് മികച്ചുനിന്നത്. സമനിലയെങ്കിലും നേടാനാകുമെന്ന് വിശ്വാസമുണ്ടായിരുന്നെന്നാണ് മത്സരത്തെക്കുറിച്ച് ഹൈദരാബാദ് സഹപരിശീലകൻ താങ്ബോയ് സിങ്തോ പറഞ്ഞത്.

ലിസ്റ്റൻ കൊളസാവോ, ആകാശ് മിശ്ര തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ മത്സരശേഷം സിങ്ത് പുകഴ്ത്തി. ആറ് തവണയാണ് ലിസ്റ്റൻ ഷോട്ടുകളെടുത്തത്. മത്സരത്തിൽ ഹൈദരാബാദിന് ജയം സമ്മാനിച്ച പെനാൽറ്റി നേടിയെടുത്തതും ലിസ്റ്റൻ തന്നെ. എ.ടി.കെയുടെ പ്രഭീർ ​ദാസിൽ നിന്ന് ചവിട്ടേറ്റ് പരുക്ക് പറ്റിയെങ്കിലും മുഴുവൻ സമയവും ആകാശ് കളിച്ചു.