SHARE

ഇപ്പോൾ പുറത്തെടുക്കുന്ന പ്രകടനങ്ങളിൽ പൂർണ തൃപ്തനാണെന്നും വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും രാജസ്ഥാൻ റോയൽസിന്റെ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. ഡെൽഹി ക്യാപിറ്റൽസിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന ഐപിഎൽ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിനെപ്പോലൊരു താരത്തെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിൽ ഉൾപ്പെടുത്താത്തത് എന്ത് കൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് നേരത്തെ വെസ്റ്റിന്ത്യൻ ഇതിഹാസ താരം ബ്രയാൻ ലാറ അഭിപ്രായപ്പെട്ടിരുന്നു. ലാറയുടെ വാക്കുകൾക്ക് ഒത്തിരി നന്ദിയുണ്ടെന്നും, അത് തന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും പറഞ്ഞ‌ സഞ്ജു, ഇപ്പോൾ താൻ കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന പ്രകടനത്തിൽ സംതൃപ്തനാണെന്നും, ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “കരിയറിൽ ബുദ്ധിമുട്ടേറിയ ഒരുപാട് സാഹചര്യങ്ങളിലൂടെ കടന്നുപോയി. അതെല്ലാം വലിയ പാഠങ്ങളാണ്. ഒരു പാട് തവണ ഞാൻ പരാജയപ്പെട്ടു, എന്നാൽ തോൽക്കുമ്പോളൊക്കെ തിരിച്ചുവരാനുള്ള ശക്തിയാണ് ഓരോ പരാജയവും. ഇപ്പോൾ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ മാനസികമായും, ശാരീരികമായും താൻ തയ്യാറാണ്.” സഞ്ജു പറഞ്ഞുനിർത്തി.