SHARE

ഇന്ത്യ‌ ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും മികച്ച പരമ്പര വിജയങ്ങളിലൊന്നായിരുന്നു ഇക്കുറി ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ സ്വന്തമാക്കിയത്.‌ ഇതിൽ പരാജയം മുന്നിൽക്കണ്ട സിഡ്നി ടെസ്റ്റിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഉജ്ജ്വല ‌സമനിലയായിരുന്നു ടീം നേടിയത്. പരിക്കിനെ വകവെക്കാതെ ഹനുമ വിഹാരിയും, രവിചന്ദ്രൻ അശ്വിനും ചേർന്ന് 50 ഓവറുകൾക്കടുത്ത് ക്രീസിൽ പിടിച്ചു നിന്നായിരുന്നു ഈ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്.

സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിനം ഹനുമ വിഹാരിയും, രവിചന്ദ്രൻ അശ്വിനും ബാറ്റ് ചെയ്യുന്നതിനിടെ അവരോട് എങ്ങനെ കളിക്കണമെന്ന് നിർദ്ദേശം നൽകാൻ പരിശീലകൻ രവി ശാസ്ത്രി, ഷർദുൽ താക്കൂറിനെ അടുത്തു വിളിപ്പിച്ചു. എന്നാൽ ശാസ്ത്രി നൽകിയ നിർദ്ദേശങ്ങളൊന്നും ഗ്രൗണ്ടിലെത്തിയ താക്കൂർ, അശ്വിനോടും, വിഹാരിയോടും പറഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം രവിചന്ദ്രൻ അശ്വിന്റെ യൂടൂബ് ചാനലിലൂടെ അശ്വിനും, ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധറും ചേർന്ന് ഇക്കാര്യം വെളിപ്പെടുത്തി.

ഷർദുലിനെ അടുത്തേക്ക് വിളിച്ച ശാസ്ത്രി, അദ്ദേഹത്തോട് ഗ്രൗണ്ടിലേക്ക് ചെന്ന് നഥാൻ ലിയോണിന്റെ ഓവറുകൾ ഒരറ്റത്ത് നിന്ന് അശ്വിൻ നേരിടണമെന്നും, സ്റ്റാർക്ക്, കമ്മിൻസ് എന്നിവരെ മറ്റേയറ്റത്ത് നിന്ന് വിഹാരി നേരിടണമെന്നും പറയാൻ ആവശ്യപ്പെട്ടു. ലിയോണിനെതിരെ നന്നായി ബാറ്റ് ചെയ്യാൻ അശ്വിന് കഴിയുന്നതിനാലും, സ്റ്റാർക്ക്, കമ്മിൻസ് എന്നിവർക്കെതിരെ വിഹാരി നന്നായി കളിച്ചു കൊണ്ടിരുന്നതിനാലുമാണ് ശാസ്ത്രി ഇത്തരമൊരു നിർദ്ദേശം തന്റെ താരങ്ങളിലേക്ക് എത്തിക്കാൻ ഷർദുൽ താക്കൂറിനെ ചുമതലപ്പെടുത്തിയത്‌.

പിന്നീട് നടന്ന സംഭവത്തെക്കുറിച്ച് അന്ന് ബാറ്റ് ചെയ്ത് കൊണ്ടിരുന്ന അശ്വിൻ പറയുന്നത് ഇങ്ങനെ, “ഷർദുൽ ഡ്രെസ്സിംഗ് റൂമിൽ നിന്ന് ഓടിയെത്തി‌. വെള്ളം കുടിക്കുന്നതിനിടെ അദ്ദേഹത്തോട് പറയാനുള്ളത് പറയാൻ ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഷർദുൽ ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്, ” അവർ ഡ്രെസ്സിംഗ് റൂമിൽ നിന്ന് പല കാര്യങ്ങളും എന്നോട് പറഞ്ഞു. എന്നാൽ ഞാൻ അതൊന്നും നിങ്ങളോട് പറയാൻ പോകുന്നില്ല. നിങ്ങൾ മികച്ച ജോലിയാണ് ചെയ്യുന്നത്‌. അത് തുടരുക”.” അശ്വിൻ പറഞ്ഞു നിർത്തി.

അതേ‌ സമയം രവി ശാസ്ത്രി, വിഹാരിയിലേക്കും, അശ്വിനിലേക്കും എത്തിക്കാൻ ഉദ്ദേശിച്ച സന്ദേശം എന്താണോ അത് തന്നെയായിരുന്നു സിഡ്നി ടെസ്റ്റിൽ അവർ ചെയ്തതും, ഹാംസ്ട്രിംഗ് പ്രശ്നങ്ങളെത്തുടർന്ന് വിഹാരി, ലിയോണിനെ നേരിടുന്നത് ഒഴിവാക്കി ബാറ്റ് ചെയ്തപ്പോൾ, അശ്വിൻ മികച്ച രീതിയിൽ അദ്ദേഹത്തെ നേരിട്ടു. മറു വശത്ത് ഓസീസ് പേസ് ത്രയത്തെ മനോഹരമായി നേരിട്ട വിഹാരി, പരിക്കും വെച്ച് കൊണ്ട് ഇന്ത്യയുടെ ആവേശ സമനിലയിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.