SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യൻ പേസർ ജസ്പ്രിത് ബും റയ്ക്ക് ഐപിഎല്ലിൽ നിന്ന് വിശ്രമംഅനുവദിക്കണമെന്ന് ബിസിസിഐ‌, മുംബൈ ഇന്ത്യൻസിനോട് ആവശ്യപ്പെട്ടേക്കും എന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെ ഇക്കാര്യത്തിൽ അഭിപ്രായവുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. കഴിഞ്ഞ ദിവസം ഇന്ത്യ ടിവിയോട് സംസാരിക്കവെ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പിൽ ഇന്ത്യയുടെ കുന്തമുനയാകുമെന്ന് കരുതപ്പെടുന്ന താരമാണ് ബുംറയെന്നതിൽ ഗാംഗുലിക്ക് സംശയമില്ല. എന്നാൽ അദ്ദേഹം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു‌. മുംബൈ ഇന്ത്യൻസിന്റേയും പ്രധാന ബോളറാണ് ബും റയെന്നും, തങ്ങളുടെ ഏറ്റവും പ്രധാന ടൂർണമെന്റിൽ നിന്ന് തങ്ങളുടെ ഏറ്റവും മികച്ച ബോളർക്ക് വിശ്രമം നൽകാൻ മുംബൈ ഇന്ത്യൻസ് തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ബുംറയ്ക്ക് ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് വിശ്രമം നൽകണമെന്ന് ബിസിസിഐ, മുംബൈ ഇന്ത്യൻസിനോട് ആവശ്യപ്പെട്ടേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ‌ ബുംറയെപ്പോലൊരു താരത്തെ പുറത്തിരുത്തി ഐപിഎല്ലിൽ റിസ്കെടുക്കാൻ മുംബൈ ഇന്ത്യൻസ് ഒട്ടും ആഗ്രഹിക്കുന്നുണ്ടാവില്ല. അത് കൊണ്ടു തന്നെ ഗാംഗുലിയുടെ വാക്കുകൾ ഇക്കാര്യത്തിൽ ശരിയാകാനാണ് സാധ്യത.