SHARE

പാകിസ്ഥാനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലീഷ് ബോളര്‍മാര്‍ കാഴ്ച്ച വെച്ചത്. പേസർമാരുടെ മികവിൽ പാകിസ്ഥാനെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍  174 റണ്‍സിന് പുറത്താക്കി. ഇംഗ്ലണ്ടിന് വേണ്ടി മൂന്നു വിക്കറ്റുകളാണ് സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സും ജെയിംസ് ആന്‍ഡേഴ്‌സണും നേടിയത്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ സ്റ്റുവർട്ട് ബ്രോഡിനെ രണ്ടാം മത്സരത്തില്‍ പുറത്തിരുത്തണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടിരുന്നു.

വോണിന്റെ അഭിപ്രായം തന്നിൽ ദേഷ്യവും നിരാശയും ഉണ്ടാക്കിയെന്നും അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ബ്രോഡ്. ലോര്‍ഡ്‌സില്‍ വെച്ച് നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഒമ്പതു വിക്കറ്റുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ബ്രോഡിന് മത്സരത്തില്‍ ലഭിച്ചത് ഒരു വിക്കറ്റും. ഈ സാഹചര്യത്തില്‍ ബ്രോഡിന് പകരം ക്രിസ് വോക്‌സിനെ കളിപ്പിക്കണമെന്നാണ് വോണ്‍ പറഞ്ഞത്. എന്നാല്‍ ആദ്യമത്സരം കളിച്ച മാര്‍ക്ക് വുഡിന് പകരമായാണ് ക്രിസ് വോക്‌സ് ടീമിലെത്തിയത്. ഇതിനെ കുറിച്ച് ആദ്യദിനം മത്സരം അവസാനിച്ചതിന് ശേഷമാണ് ബ്രോഡ് പ്രതികരിച്ചത്.

‘ നമ്മള്‍ നെഗറ്റീവായതും പോസിറ്റീവായതുമായ അഭിപ്രായങ്ങള്‍ കേള്‍ക്കും, പക്ഷേ, ചില സമയങ്ങളില്‍ അത്തരം അഭിപ്രായങ്ങള്‍ ന്യായീകരിക്കാവുന്നതല്ല, വോണ്‍ പറഞ്ഞതറിഞ്ഞ് എനിക്ക് ദേഷ്യവും നിരാശയും തോന്നി, അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയായിരുന്നില്ല, മാത്രമല്ല മറ്റെന്തോ ലക്ഷ്യം വെച്ചിട്ടുള്ളതുമായിരുന്നു, അത് കൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു എന്റെ നിരാശ അറിയിച്ചു’ – ബ്രോഡ് വ്യക്തമാക്കി. അതേസമയം വോണിനോട് വ്യക്തിപരമായി ദേഷ്യമില്ലെന്നും അദ്ദേഹം സുഹൃത്താണെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.