SHARE

തന്നെ ഒരു പ്രൊഫഷണൽ ഫുട്ബോളറാക്കി മാറ്റിയതിൽ സെവൻസ് ഫുട്ബോളിന് വലിയ പങ്കുണ്ടെന്നും അതിനാൽ സെവൻസ് ടൂർണമെന്റുകളിൽ കളിക്കാതിരിക്കാൻ തനിക്കാവില്ലെന്നും എഫ് സി പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുനിയൻ. കുരുനിയൻ ഉൾപ്പെടെയുള്ള കേരളാ താരങ്ങൾ ഈ സീസണിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ കളിക്കുന്നതിനെതിരെ പല ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടയ്ക്കാണ് ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നിരിക്കുന്നത്.

താൻ സെവൻസ് ടൂർണമെന്റുകൾ കളിച്ചാണ് ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ചതെന്നും സെവൻസ് ടീമുകളിലെ പരിശീലകർ തന്റെ കരിയർ വളർച്ചയ്ക്ക് വലിയ പങ്ക് വഹിച്ചെന്നും പറഞ്ഞ കുരുനിയൻ, അവർ ഇനിയും കളിക്കാൻ വിളിച്ചാൽ തനിക്ക് പോകാതിരിക്കാനാവില്ലെന്നും, വലിയ കടപ്പാട് അവരോടൊക്കെയുണ്ടെന്നും കൂട്ടിച്ചേർത്തു.

പരിക്ക് പറ്റാനുള്ള സാധ്യതകളാണ് സെവൻസ് കളിക്കുമ്പോളുള്ള പ്രധാന പ്രശ്നങ്ങളിലൊന്നായി പറയുന്നത്‌. എന്നാൽ, പരിക്കിനെ മാത്രം പേടിച്ച് കളിക്കാതിരിക്കാൻ കഴിയില്ല, കാരണം പരിക്കുകൾ ആർക്കും എപ്പോളും സംഭവിക്കാം. എന്റെ വീടിനടുത്തുള്ള ഗ്രൗണ്ടിൽ കൂടി വെറുതെ ഓടുമ്പോൾ പോലും പരിക്ക് പറ്റാൻ സാധ്യതയുണ്ട്. പിന്നെ സെവൻസ് ടൂർണമെന്റുകളിൽ മെച്ചപ്പെടുത്തേണ്ടത് അതിന്റെ റഫറിയിംഗാണ്. റഫറിയിംഗിന്റെ നിലവാരം വർധിച്ചാൽ സെവൻസ് ടൂർണമെന്റുകൾക്കും അതിനൊപ്പമുള്ള നിലവാരം ലഭിക്കും ” ആഷിഖ് പറഞ്ഞുനിർത്തി.

ഓഫ് സീസണുകളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ കളിക്കുന്നത് പണ്ട് മുതലേ കേരളാ താരങ്ങളുടെ ശീലങ്ങളിൽ ഒന്നാണ്. ആഷിഖ് കുരുനിയൻ, ഇന്ത്യൻ താരം അനസ് എടത്തൊടിക, സക്കീർ മുണ്ടംപാറ, ഉസ്മാൻ ആഷിഖ് എന്നിവരാണ് നിലവിൽ സെവൻസ് കളിക്കുന്ന പ്രമുഖർ.