SHARE

അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുമ്പോൾ തന്റെ ലക്ഷ്യം ആരെയും നിശബ്ദരാക്കുക എന്നതല്ലെന്നും മറിച്ച് റണ്ണുകൾ അടിക്കുക എന്നത് മാത്രമാണെന്നും ഇന്ത്യൻ സൂപ്പർ താരം ചേതേശ്വർ പുജാര. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ മത്സരത്തിന്‌ ശേഷം സംസാരിക്കുമ്പോളായിരുന്നു പുജാര ഇക്കാര്യം വ്യക്തമാക്കിയത്.

2014 ലെ മോശം ഫോമിനെക്കുറിച്ചുയർന്ന വിമർശനങ്ങളെക്കുറിച്ച് ചോദിക്കവെയായിരുന്നു പുജാര ഇത്തരത്തിൽ മറുപടി നൽകിയത്. ” അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുമ്പോൾ തന്റെ ലക്ഷ്യം ആരെയും നിശ്ബ്ദരാക്കുകയല്ല, മറിച്ച് റണ്ണുകൾ നേടുക എന്നത് മാത്രമാണ്. റണ്ണുകൾ നേടുക മാത്രമാണ് താൻ ലക്ഷ്യം വെക്കുന്നത്. അത് ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു.

മറ്റ് കാര്യങ്ങളിലൊന്നും ഇടപെടാൻ തനിക്ക്‌ സമയമില്ല. റണ്ണുകൾ നേടുക മാത്രമാണ് എന്റെ ജോലി. വിദേശത്തായാലും, സ്വദേശത്തായാലും ഞാൻ അത് ചെയ്ത് കൊണ്ടേയിരിക്കുന്നു. ചില സമയങ്ങളിൽ നമ്മൾ വിമർശനങ്ങൾ നേരിടേണ്ടി വരും. അത് അംഗീകരിക്കുക. എന്നാൽ നിങ്ങൾ റണ്ണുകൾ അടിക്കുകയും ടീം ജയിക്കുകയും ചെയ്താൽ എല്ലാവരും സന്തോഷവാന്മാരാകും.” പുജാര പറഞ്ഞുനിർത്തി.