SHARE

നാളെ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന പിങ്ക് ബോൾ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ വലം കൈയ്യൻ പേസർ ഉമേഷ് യാദവിന് ഇടമുണ്ടാകില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണറും, ക്രിക്കറ്റ് വിദഗ്ധനുമായ ഗൗതം ഗംഭീർ. മൂന്ന് പേസ് ബൗളർമാരുമായാകും ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റിൽ കളിക്കുകയെന്ന് പറയുന്ന ഗംഭീർ, ഈ സ്ഥാനങ്ങളിൽ കളിക്കുക ഇഷാന്ത് ശർമ്മ, ജസ്പ്രിത് ബുംറ, മൊഹമ്മദ് സിറാജ് എന്നിവരായിരിക്കുമെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിൽ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഉമേഷ് യാദവ് പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്ന് (പിങ്ക് ബോൾ ടെസ്റ്റിൽ) ഞാൻ കരുതുന്നില്ല. മൂന്ന് സീമർമാരുമായാണ് ഇന്ത്യ കളിക്കുന്നതെങ്കിൽ അത് ഇഷാന്ത് ശർമ്മ, ജസ്പ്രിത് ബുംറ, മൊഹമ്മദ് സിറാജ് എന്നിവരായിരിക്കണം. മൊഹമ്മദ് സിറാജ് പന്തെറിയുന്ന രീതി വളരെ ശ്രദ്ധേയമാണ്. ഓസ്ട്രേലിയയിലും, ഫാസ്റ്റ് ബോളർമാർക്ക് കാര്യമായ സഹായം ലഭിക്കാതിരുന്ന രണ്ടാം ടെസ്റ്റിലും (ഇംഗ്ലണ്ടിനെതിരെ) അദ്ദേഹം വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതിനാൽ ഈ മൂന്ന്‌ സീമർമാർ പിങ്ക് ബോൾ ടെസ്റ്റിൽ കളിക്കും.” ക്രിക്കറ്റ് കണക്ടഡ് ഷോയ്ക്കിടെ ഗംഭീർ പറഞ്ഞു.

അതേ സമയം നാളെയാണ് ഇന്ത്യയും-ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് ആരംഭിക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള നാല് മത്സര ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരമാണിത്. അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഉച്ചക്ക് ശേഷം 2.30 ന് ആരംഭിക്കും.