SHARE

ഒരു കാലത്ത് ഇന്ത്യൻ സ്പിൻ ഡിപാർട്ട്മെന്റ് ഭരിച്ചിരുന്ന താരമായിരുന്നു ഹർഭജൻ സിംഗ്. എന്നാൽ ഫോമില്ലായ്മയും മികച്ച യുവസ്പിന്നർമാരുടെ കടന്ന് വരവും പതുക്കെ ഹർഭജനെ ദേശീയ ടീമിന് വെളിയിലാക്കി. അശ്വിന്റെയും രവീന്ദ്ര ജഡേജയുടേയും വരവോടെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെട്ട ഭാജി പിന്നീട് ടീമിൽ വന്നുംപോയും കൊണ്ടിരുന്നു. എന്നാൽ 2016 ന് ശേ‌ഷം താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല.

ദേശീയ ടീമിലില്ലെങ്കിലും ഐപിഎല്ലിലും ഇന്ത്യൻ അഭ്യന്തര മത്സരങ്ങളിലും പക്ഷേ സജീവ സാന്നിധ്യമാണ് ഹർഭജൻ. നിലവിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായ ഹർഭജൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോവുകയാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽഇപ്പോളിതാ ഇക്കാര്യത്തിൽ തന്റെ തീരുമാനം തുറന്ന് പറഞ്ഞ് ഹർഭജൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

തൽക്കാലം ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള പദ്ധതികളൊന്നുമില്ലെന്നും, കഴിയുന്നിടത്തോളം കാലം താൻ ക്രിക്കറ്റ് കളിക്കാനുണ്ടാകുമെന്നും ഹർഭജൻ പറയുന്നു. യുവ് രാജ് സിംഗും, ഗൗതം ഗംഭീറും സമാന അവസ്ഥയിലായിരിക്കുമെന്നും അവർ അവരുടെ ആരാധകർക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച് കൊണ്ടേയിരിക്കുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. താനും എന്തായാലും ഇപ്പോൾ വിരമിക്കുന്നില്ല കാരണം ആരാധകർക്ക് വേണ്ടി കുറച്ച് നാൾ കൂടി ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ ആഗ്രഹം ഹർഭജൻ പറഞ്ഞുനിർത്തി.