SHARE

മുൻ ഇന്ത്യൻസ്റ്റാർ ഓപ്പണർ ഗൗതം ഗംഭീറിന്റെ നിശ്ചിത ഓവർ മത്സരങ്ങളിലെ കരിയർ അവസാനിപ്പിച്ചത് താനാണെന്ന് പാക് പേസർ മൊഹമ്മദ് ഇർഫാൻ. കഴിഞ്ഞ ദിവസം ഒരു പാക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവനയുമായി പാക് താരം രംഗത്തെത്തിയത്. ഗംഭീറിന്റെ കരിയർ അവസാനിപ്പിച്ചത് താനാണെന്ന പാക്‌ താരത്തിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

പല ഇന്ത്യൻ ബാറ്റ്സ്മാന്മാരും തനിക്കെതിരെ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും, ചിലർ അക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തിയ ഇർഫാൻ ഇങ്ങനെ കൂട്ടിച്ചേർത്തു, ” ഞാൻ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ അവർ എന്നെ നേരിടാൻ ബുദ്ധിമുട്ടിയിരുന്നു. എന്റെ പൊക്കവും, വേഗത വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും കാരണം തുടർച്ചയായി ഞാനെറിയുന്ന ബോളുകൾ കാണുക ബുദ്ധിമുട്ടായിരുന്നുവെന്ന് 2012 ൽ ഇന്ത്യയ്ക്കെതിരെ നടന്ന പരമ്പരയ്ക്കിടെ ചില ഇന്ത്യൻ ബാറ്റ്സ്മാന്മാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഗംഭീർ എന്നെ നേരിടാൻ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ടീമുകളുടെ നെറ്റ് പരിശീലനത്തിനിടയിൽപ്പോലും എന്നോട് നേർക്ക് നേർ നോക്കാൻ ഗംഭീർ താല്പര്യപ്പെട്ടിരുന്നില്ല. 2012 ൽ നടന്ന പരമ്പരയ്ക്കിടെ 4 തവണയാണ് ഗംഭീറിനെ ഞാൻ പുറത്താക്കിയത്.” ഇർഫാൻ പറഞ്ഞുനിർത്തി.

ഗംഭീറിന്റെ കരിയർ അവസാനിപ്പിച്ചതിന് ഒട്ടേറെപ്പേർ തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും തന്റെ വേഗതക്കൂടുതലല്ല‌ മറിച്ച് വേഗത വായിച്ചെടുക്കാൻ ബാറ്റ്സ്മാന്മാർക്ക്‌ കഴിയാതിരുന്നതാണ് കരുത്തായിരുന്നതെന്നും പറഞ്ഞ ഈ ഏഴടി ഒന്നിഞ്ചുകാരൻ ബോളർ, വിരാട് കോഹ്ലി തന്റെ ബോളിംഗിൽ പതറിയ‌തിനെക്കുറിച്ചും അഭിമുഖത്തിനിടെ പറയുകയുണ്ടായി.