SHARE

ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യയുടെ അവിസ്മരണീയ തിരിച്ചു വരവിൽ പ്രധാന പങ്കു വഹിച്ച അജിങ്ക്യ രഹാനെയ്ക്ക് അതിന് ശേഷം ബാറ്റിംഗിൽ കാര്യമായി തിളങ്ങാനായിട്ടില്ല. മെൽബണിൽ നേടിയ സെഞ്ചുറിക്ക് ശേഷം കളിച്ച ഇന്നിംഗ്സുകളിൽ 27*, 22, 4, 37, 24, 1, 0, 67, 10, 7 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോറുകൾ.

നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നു കൊണ്ടിരിക്കുന്ന പരമ്പരയിൽ ഒരു ഫിഫ്റ്റി പ്ലസ് സ്കോർ മാത്രമേ താരത്തിന് നേടാനായിട്ടുള്ളൂ. ടെസ്റ്റ് ടീമിന്റെ ഉപനായകൻ കൂടിയായ രഹാനെ ദയനീയ ഫോം ആവർത്തിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പ്രകടനങ്ങളേയും, ആത്മവിശ്വാസത്തേയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. ഇംഗ്ല‌ണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ രഹാനെ 27 റൺസിൽ പുറത്തായതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ സമീപകാല ബാറ്റിംഗിനെക്കുറിച്ച് സഞ്ജയ് മഞ്ചരേക്കർ മനസ് തുറന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി ടീം ആവശ്യപ്പെടുന്ന, ആരാധകർ ആഗ്രഹിക്കുന്ന സുരക്ഷിതത്വം നൽകാൻ രഹാനെയ്ക്ക് കഴിയുന്നില്ലെന്നാണ് മഞ്ചരേക്കർ പറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ ബാറ്റിംഗ് എവിടെയൊക്കെയോ പിഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മഞ്ചരേക്കർ രഹാനെയുടെ ബാറ്റിംഗ് കാണുമ്പോൾ തീരെ ആത്മവിശ്വാസമില്ലാത്ത ഒരാളെപ്പോലെ തോന്നുന്നുവെന്നും കൂട്ടിച്ചേർത്തു.

അങ്ങേയറ്റം അരക്ഷിതനായ ഒരു ബാറ്റ്സ്മാനെപ്പോലെയാണ് നിലവിൽ രഹാനെയെന്നാണ് മഞ്ചരേക്കറുടെ പക്ഷം. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഡ്രെസ്സിംഗ് റൂമിൽ നിന്ന് കളി വീക്ഷിച്ചു കൊണ്ടിരിക്കുന്ന മറ്റ് ബാറ്റ്സ്മാന്മാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നില്ലെന്നും ഇതിനൊപ്പം മഞ്ചരേക്കർ അഭിപ്രായപ്പെട്ടു.