SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് വിരാട് കോഹ്ലിയുടെ അവസാന സീസണാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. പതിനാലാം എഡിഷൻ ഐപിഎല്ലിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്ന കാര്യം കഴിഞ്ഞ മാസം കോഹ്ലി തന്നെയാണ് പ്രഖ്യാപിച്ചത്‌. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎൽ ക്യാപ്റ്റൻസിയും മതിയാക്കാനുള്ള കോഹ്ലിയുടെ തീരുമാനം ആരാധകർക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. എന്നാൽ ഇത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുന്ന കാര്യത്തിൽ 2019ൽ താൻ എബി ഡിവില്ലിയേഴ്സിനോട് സംസാരിച്ചിരുന്നതായി വെളിപ്പെടുത്തിയ കോഹ്ലി, സമാധാനപരമായ അന്തരീക്ഷം വേണമെന്ന ആഗ്രഹമാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻസി ഒഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിനോട്‌ സംസാരിക്കവെയായിരുന്നു കോഹ്ലി ഇക്കാര്യം പറഞ്ഞത്.

“ഈ തീരുമാനത്തെക്കുറിച്ച് (ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയാനുള്ള) ഞാൻ 2019 ൽ എബിയോട് സംസാരിച്ചിരുന്നു. ഇത് പുതിയതല്ല. ഐപിഎല്ലിൽ, ഞാൻ സമാധാനപരമായ അന്തരീക്ഷം ആഗ്രഹിക്കുന്നു. ഞങ്ങൾ ഇതേക്കുറിച്ച് ചർച്ച നടത്തി. അതിന് ശേഷം ഒരു വർഷം കൂടി തുടരാമെന്ന് (നായകനായി) തീരുമാനിച്ചു. മാനേജ്മെന്റ് പുനസംഘടിക്കപ്പെട്ടതോടെ 2020 ൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ആ ഘട്ടത്തിൽ എനിക്ക് അല്പം കൂടുതൽ ആശ്വാസം തോന്നി.” വിരാട് കോഹ്ലി പറഞ്ഞു നിർത്തി.