SHARE

ഐലീഗ് മത്സരങ്ങൾ മുഴുവനായും സംപ്രേക്ഷണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ച സ്റ്റാർ സ്പോർട്സിനെതിരെ വലിയ വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരുന്നത്. ഐലീഗ് മത്സരങ്ങളോട് വിവേചനം കാണിക്കരുതെന്നും, മത്സരങ്ങൾ കാണാനുള്ള അവസരം ഫുട്ബോൾ പ്രേമികൾക്ക് ലഭ്യമാക്കാണമെന്നും ആവശ്യപ്പെട്ട് ആരാധകർ നടത്തുന്ന പ്രതിഷേധത്തിന് ഇപ്പോൾ ഫലം കണ്ടതായാണ് സൂചനകൾ. ഐലീഗിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ഫേസ്ബുക്ക് വഴി സംപ്രേക്ഷണം ചെയ്യാനുള്ള നീക്കങ്ങൾ എ ഐ എഫ് എഫ് (ഓൾഇന്ത്യ ഫുട്ബോൾഫെഡറേഷൻ) നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

ഫേസ്ബുക്കിലൂടെ ഐ ലീഗ് സംപ്രേക്ഷണം ചെയ്തേക്കുമെന്ന വാർത്ത ഇന്ത്യൻ ഫുട്ബോൾപ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ്. നിലവിൽ സ്പാനിഷ് ലീഗായ ലാലീഗയിലെ മത്സരങ്ങളും ഫേസ്ബുക്ക് വഴി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതേ സമയം ഐലീഗ് മത്സരങ്ങൾ മുഴുവനായും സംപ്രേക്ഷണം ചെയ്യില്ലെന്ന സ്റ്റാർ സ്പോർട്സിന്റെ തീരുമാനത്തിനെതിരെ ഐലീഗ് ക്ലബ്ബുകളും ഇന്ത്യൻ ഫുട്ബോൾ പ്രേമികളും വലിയ പ്രതിഷേധമാണ് ഇപ്പോളും നടത്തുന്നത്.

ഈ മാസം 29-ം തീയതി മുതൽ ഈ സീസൺ ഐലീഗിലെ തിരഞ്ഞെടുത്ത 26 മത്സരങ്ങൾ മാത്രമേ ടെലിവിഷനിലൂടെ സം പ്രേക്ഷണം ചെയ്യൂവെന്നായിരുന്നു നേരത്തെ സ്റ്റാർ സ്പോർട്സിന്റെ പ്രഖ്യാപനം. ഇങ്ങനെ വരുമ്പോൾ ഐലീഗിലെ 110 മത്സരങ്ങളിൽ 80 മത്സരങ്ങൾക്ക് മാത്രമാണ് ടെലിവിഷനിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കൂ. സ്റ്റാർ സ്പോർട്സിന്റെ പ്രഖ്യാപനം അനുസരിച്ച് ഐലീഗ് ചാമ്പ്യന്മാരായ മിനർവ്വ പഞ്ചാബിന്റെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ഇനി ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുക.