കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2020-21 സീസണിലെ ഐ ലീഗിന്റെ ഫോർമ്മാറ്റിൽ മാറ്റം വരുത്താൻ തയ്യാറെടുത്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. മുൻ സീസണുകളിലേത് പോലെ ലീഗിലെ ടീമുകളെല്ലാം ഹോം, എവേ അടിസ്ഥാനത്തിൽ രണ്ട് തവണം പരസ്പരം ഏറ്റുമുട്ടുന്ന രീതിയിൽ ആയിരിക്കില്ല ഇക്കുറി മത്സരങ്ങൾ. രണ്ട് ഘട്ടമായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന ലീഗിൽ ആകെ 80 മത്സരങ്ങൾ മാത്രമേ ഉണ്ടാകൂവെന്നാണ് കരുതപ്പെടുന്നത്.
ലീഗിന്റെ ആദ്യ ഘട്ടത്തിൽ 11 ടീമുകളും ഓരോ തവണ വീതം പരസ്പരം മത്സരിക്കും. ഇതിൽ നിന്ന് പോയിന്റ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന ക്ലബ്ബുകൾ ആദ്യ ഗ്രൂപ്പിലേക്ക് യോഗ്യത നേടും. ഈ ടീമുകളാവും രണ്ടാം ഘട്ടത്തിൽ ചാമ്പ്യൻഷിപ്പിനായി മത്സരിക്കുക. ബാക്കിയുള്ള 6 ടീമുകൾ തരം താഴ്ത്തലിൽ നിന്ന് രക്ഷപെടാൻ മത്സരിക്കുന്ന രണ്ടാമത്തെ ഗ്രൂപ്പിലാകും പിന്നീട് കളിക്കുക. രണ്ട് ഗ്രൂപ്പുകളായി മാറുന്ന രണ്ടാം ഘട്ടത്തിലും, ഗ്രൂപ്പിലെ ടീമുകൾ ഓരോ തവണ വീതം പരസ്പരം മത്സരിക്കും. ചൈനീസ് സൂപ്പർ ലീഗ് അടക്കമുള്ള ലോകത്തെ വിവിധ ഫുട്ബോൾ ലീഗുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ഫോർമ്മാറ്റിലാണ് പുതിയ സീസൺ സംഘടിപ്പിക്കുന്നത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇത്തവണ പശ്ചിമ ബംഗാളിൽ മാത്രമായാകും ഐലീഗ് മത്സരങ്ങളുടെ നടത്തിപ്പ്. ഈ വർഷം ഡിസംബർ 26 ന് ലീഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതു വരെയെത്തിയിട്ടില്ല.