SHARE

ഐ-ലീ​ഗിലെ സൂപ്പർ ക്ലബായ ഐസോൾ എഫ്.സിയുടെ പരിശീലകനായി യാൻ ലോ ചുമതലയേറ്റു. മുൻ പരിശീലകൻ സ്റ്റാൻലി റൊസാരിയോയുമായയി ക്ലബ് ഇന്നലെ വേർപിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ലോയുടെ നിയമനം.

കഴിഞ്ഞ രണ്ട് വർഷമായി എസോളിനെ പരിശീലിപ്പിച്ചത് റൊസാരിയായിരുന്നു. എന്നാൽ കുടുംബ സംബന്ധമായ ആവശ്യത്തെത്തുടർന്നാണ് ഇപ്പോൾ അദ്ദേഹം ക്ലബ് വിട്ടതെന്നാണ് ഔദ്യോ​ഗിക വിശദീകരണം. ഈ സ്ഥാനത്തേക്കാണ് 28-കാരനായ ലോ എത്തുന്നത്. നേരത്തെ ഐ-ലീ​ഗിൽ പഞ്ചാബ് എഫ്.സി.പരിശീലകനായി ശ്രദ്ധ നേടിയിരുന്നു ലോ.

ഇക്കുറി മൊഹമ്മദന്റെ ചുമതല ലോ ഏറ്റെടുത്തിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ക്ലബ് വിട്ടു. പിന്നീട് ഹിമാചൽ പ്രദേശിലെ ഫുട്ബോൾ ലീ​ഗിൽ കളിക്കുന്ന ടെക്ട്രോയുടെ പരിശീലകനായി ലോ എത്തി. അവിടെനിന്നാണിപ്പോൾ വീണ്ടും ഐ-ലീ​ഗിലേക്കുള്ള വരവ്. ബെം​​ഗാളിൽ ജനിച്ച ലോ ചൈനീസ് വംശജനാണ്.