അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിന് വമ്പൻ തയ്യാറെടുപ്പുകളുമായി ഐ-ലീഗ് ക്ലബ് ചർച്ചിൽ ബ്രദേഴ്സ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം മൂന്ന് പുതിയ വിദേശതാരങ്ങളെയാണ് ഈ ഗോവൻ ക്ലബ് സൈൻ ചെയ്തിരിക്കുന്നത്.
ലൈബീരിയൻ സ്ട്രൈക്കർ അൻസുമാനെ ഖ്രോമ, ഉസ്ബക്കിസ്ഥാൻ മിഡ്ഫീൽഡർ സർദാർ ജാഖനോവ്, കാമറൂണിയന് ഡിഫൻഡർ മെൻഡ സാക്കാറി എന്നിവരാണ് ചർച്ചിലിന്റെ ഭാഗമായിരിക്കുന്നത്. മൂന്ന് പേർക്കും മുമ്പ് ഇന്ത്യയിൽ കളിച്ച് പരിചയമുണ്ട്. മോമോ സിസെ, മുഖമ്മദ് ഷെരീഫ്, ഇമ്മാനുവൽ യാഗിർ എന്നിവർക്ക് പകരമായാണ് പുതിയ വിദേശികളെത്തുന്നത്. ക്യാപ്റ്റൻ കൂടിയായ സിസെ പരുക്കേൽക്കുയും ഷെരീഫ് സസ്പെൻഷൻ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ വിദേശികളുടെ വരവ്.
സൂപ്പർ കപ്പ് ക്വാളിഫയർ പോരാട്ടത്തിൽ റയൽ കശ്മീരിനെയാണ് ചർച്ചിൽ നേരിടുക. ഏപ്രിൽ ആറിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഈ പോരാട്ടം വിജയിച്ചാൽ മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിൻ എഫ്സി എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലേക്ക് ചർച്ചിൽ യോഗ്യത നേടും.